കേൾക്കുന്നില്ലേ, അമ്മേ എന്ന വിളി

Mail This Article
സിദ്ധാർഥന്റെ അന്ത്യവിശ്രമസ്ഥലത്ത് കഴിയുന്നതും പോകാതിരിക്കാൻ ആ അമ്മ ശ്രമിച്ചുപോരുന്നു. കാരണം, അവിടെ പതിച്ച മകന്റെ ചിത്രത്തിലേക്കു നോക്കുമ്പോൾ ‘അമ്മേ’ എന്ന വിളിയൊച്ച കേൾക്കുന്നതായി ഷീബയ്ക്കു തോന്നും... എന്നാൽ, ഇന്നലെ അവിടെ പോകാതിരിക്കാൻ വയ്യായിരുന്നു. കാരണം, വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ റാഗിങ്ങിനിരയായി ജീവനൊടുക്കിയതിന്റെ ഒന്നാം ദുഃഖവാർഷികമായിരുന്നു ഇന്നലെ. തിരുവനന്തപുരം കാര്യവട്ടം ഗവ.കോളജിൽ, റാഗിങ്ങിന്റെ പേരിലുണ്ടായ മറ്റൊരു കൊടുംക്രൂരത ഇതേവേളയിൽത്തന്നെ പുറത്തുവന്നത് കേരളം അഭിമുഖീകരിക്കുന്ന കൊടിയ സാമൂഹികവിപത്തിന്റെ ആപൽഭീഷണി കൂടുതൽ വ്യക്തമാക്കുകയാണ്.
ഹോസ്റ്റലിൽ ആൾക്കൂട്ടവിചാരണ നടത്തിയും മനുഷ്യത്വം മറന്നു മർദിച്ചും അങ്ങേയറ്റം അപമാനിച്ചുമാണ് സിദ്ധാർഥനെ മരണവാതിൽക്കലോളം എത്തിച്ചത്. ഇങ്ങനെയൊരു ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണു സർക്കാർഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നതെങ്കിലും അതുണ്ടായില്ലെന്നതിന്റെ തെളിവുകളാണ് തുടർന്നും നാം കേൾക്കുന്ന റാഗിങ് പീഡനവാർത്തകൾ.
കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗ് ചെയ്തു പീഡിപ്പിച്ച സംഭവത്തിന്റെ അലയൊലി തുടരുമ്പോൾതന്നെയാണ് തിരുവനന്തപുരം കാര്യവട്ടം കോളജിൽ രണ്ട് ഒന്നാം വർഷ ബിരുദ വിദ്യാർഥികളെ 7 സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവവും കേരളത്തെ നടുക്കുന്നത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. വളഞ്ഞിട്ടു മർദിച്ചും വടികൊണ്ടും കല്ലുകൊണ്ടും ഇടിച്ചുവീഴ്ത്തിയും തുപ്പിയ വെള്ളം കുടിപ്പിച്ചുമൊക്കെയായിരുന്നു ക്രൂരത. റാഗ് ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ റാഗിങ് വിരുദ്ധ നിയമം ചുമത്തി കേസെടുത്തു.
കർശന നിയമങ്ങളിലൂടെയും മാതൃകാപരമായ ശിക്ഷാനടപടികളിലൂടെയും മാത്രമേ റാഗിങ്ങിന്റെ അടിവേരിളക്കാൻ കഴിയൂ. രാഷ്ട്രീയ സ്വാധീനമുള്ളവർക്കെതിരെ കാര്യമായ നടപടികളുണ്ടാവാത്തത് ഈ നാടിന്റെ ദുര്യോഗം. സിദ്ധാർഥൻ ജീവനൊടുക്കി ഒരുവർഷം തികയുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ അന്വേഷണവും നടപടിയുമുണ്ടായിട്ടില്ല. അന്നത്തെ കോളജ് ഡീൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ എന്നിവരെ സസ്പെൻഡ് ചെയ്തതു മാത്രമാണ് അധികൃതർക്കെതിരെയുണ്ടായ നടപടി. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ബലിയാടാക്കിയെന്നാണ് ആരോപണം. എസ്എഫ്ഐ നേതാക്കളുൾപ്പെടെ 18 പേരാണു പ്രതിപ്പട്ടികയിൽ. നിലവിൽ പ്രാഥമിക റിപ്പോർട്ട് മാത്രമാണു സിബിഐ സമർപ്പിച്ചിരിക്കുന്നത്.
സിദ്ധാർഥൻ കേസ് കൈകാര്യം ചെയ്യുന്നതിൽ സർവകലാശാലയ്ക്കു വൻ വീഴ്ചയുണ്ടായെന്നാണ് ആരോപണം. പ്രതികളെ തുടർപഠനത്തിനു കോളജിൽ പ്രവേശിപ്പിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകിയില്ല; പ്രതികളെ തിരികെ പ്രവേശിപ്പിക്കാൻ അതിവേഗം നടപടിയെടുക്കുകയും ചെയ്തു. സിദ്ധാർഥന്റെ അമ്മ നൽകിയ അപ്പീലിലാണ് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതിവിധി നടപ്പാക്കാനും സർവകലാശാലയ്ക്ക് അസാധാരണ തിടുക്കമാണുണ്ടായത്. മണ്ണുത്തിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതും രണ്ട് അധ്യാപകരെ പരീക്ഷച്ചുമതലയിൽ നിയോഗിച്ചതുമെല്ലാം അതിവേഗത്തിലാണ്.
റാഗ് ചെയ്തു വേദനിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് എന്തു സന്തോഷമാണു ലഭിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചതു കഴിഞ്ഞ വർഷമാണ്. ഇത്തരം നീചപ്രവൃത്തികളിൽ ഏർപ്പെടുന്നവർ കോളജിൽ പോകുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് അന്നു കോടതി ചോദിച്ചതു കേരളത്തിനുകൂടി കേൾക്കാനുള്ളതാണ്. അത്തരക്കാർ നിരക്ഷരരായി തുടരുന്നതാണു നല്ലതെന്നും അച്ചടക്കം ഇല്ലെങ്കിൽ വിദ്യാഭ്യാസം നേടുന്നതിൽ അർഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലുണ്ടാകുന്ന മിക്ക റാഗിങ് കേസുകളിലും മുഖ്യ ഭരണകക്ഷിയുടെ വിദ്യാർഥിസംഘടനയാണ് പ്രതിസ്ഥാനത്ത്. ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ച് വേട്ടക്കാരോടൊപ്പം ഓടിക്കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പ് സിപിഎം അവസാനിപ്പിച്ചാലേ ഈ ക്രൂരതയ്ക്കു ക്യാംപസുകളിൽ അറുതിവരൂ.
ഏതു നിന്ദ്യസംഭവവും കുറച്ചുനാൾ സജീവമായിരുന്നശേഷം മറഞ്ഞുപോകുന്നതാണ് ഈ കാലത്തിന്റെ ദുരന്തം. ക്രൂരതയ്ക്ക് ഇരയായവരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണു പിന്നെയത് ഓർമിക്കുക; ജീവിതകാലം മുഴുവൻ അതിന്റെ വേദനയിൽ നീറുക. നമ്മുടെ യുവതലമുറ ഈ ദുഃഖത്തിന്റെ തീവ്രത തിരിച്ചറിയുമ്പോൾ മാത്രമേ റാഗിങ് എന്ന സാമൂഹിക വിപത്തിന് അന്ത്യമാകൂ.