അബദ്ധമായി ഓവർടേക്കിങ്; ബെൽറ്റില്ല, പൊങ്ങിത്തെറിച്ചു; തല മുകളിലും മുഖം മുന്സീറ്റിലും ഇടിച്ചു
Mail This Article
മുംബൈ ∙ കാറിന്റെ അമിതവേഗവും ഓവർടേക്കിങ്ങിലെ പിഴവുമാണ് സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കു നയിച്ചതെന്നും പിൻസീറ്റിൽ ഇരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരുക്ക് മാരകമായതെന്നും പൊലീസ് അറിയിച്ചു. മറ്റൊരു വാഹനത്തെ മറികടന്നപ്പോൾ കണക്കുകൂട്ടൽ പിഴച്ചതോടെയാണു പാലത്തിന്റെ കൈവരിയിൽ ഇടിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മുംബൈ – അഹമ്മദാബാദ് ഹൈവേയിലെ സൂര്യ നദിക്കു കുറുകെ പുതിയ പാലങ്ങൾക്കൊപ്പം പഴയ പാലം നിലനിർത്തിയിരിക്കുന്നതിനാൽ ഏതു വഴി പോകണമെന്ന ആശയക്കുഴപ്പവും പ്രശ്നമായിട്ടുണ്ടാകാം. പുതിയ പാലത്തേക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്ന പഴയതിലേക്ക് കയറവെയായിരുന്നു ദുരന്തം.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ഡോളെയാണു കാർ ഓടിച്ചിരുന്നത്. അവരും മുൻ സീറ്റിൽ ഇരുന്ന ഭർത്താവ് ഡാരിയസ് പണ്ഡോളയും പരുക്കുകളോടെ രക്ഷപ്പെട്ടു മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ ദിൻഷാ പണ്ഡോളെയും സംഭവസ്ഥലത്തു മരിച്ചു.
9 മിനിറ്റിൽ 20 കിലോമീറ്റർ!
ആഡംബര കാർ 20 കിലോമീറ്റർ പിന്നിട്ടത് വെറും 9 മിനിറ്റ് കൊണ്ടാണെന്ന് പൊലീസ് കണ്ടെത്തി. ഗുജറാത്ത് അതിർത്തിക്ക് സമീപം മഹാരാഷ്ട്ര പാൽഘറിലെ ചാറോട്ടി ചെക്‌പോസ്റ്റ് പിന്നിട്ട് സൂര്യാ നദി വരെ അതിവേഗത്തിലായിരുന്നു. ഞായർ ഉച്ചയ്ക്ക് 2.21നു കാർ ചെക്പോസ്റ്റിലെത്തി. 2.30ന് അപകടമുണ്ടായി. ഗുജറാത്തിലെ പാഴ്സി ആരാധനാലയം സന്ദർശിച്ചു മുംബൈയിലേക്കു മടങ്ങവെ ആയിരുന്നു ദുരന്തം. മുംബൈയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണു പാൽഘർ.
ബെൽറ്റില്ല, പൊങ്ങിത്തെറിച്ചു
മുന്നിലെ യാത്രികർക്ക് എയർബാഗിന്റെ കവചവും സീറ്റ് ബെൽറ്റുമാണു സുരക്ഷയേകിയത്. പിന്നിൽ മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ഇടിയുടെ ആഘാതത്തിൽ പൊങ്ങിത്തെറിച്ചു. കാറിന്റെ മുകളിൽ തലയും മുൻ സീറ്റിൽ മുഖവും അതിശക്തമായി ഇടിച്ചു. കാറിന്റെ പിന്നിലെ സീറ്റുകളിൽ മുൻഭാഗത്ത് കവചമേകുന്ന എയർബാഗ് ഇല്ല. സീറ്റ് ബെൽറ്റ് ഇല്ലാത്തതിനാൽ വശങ്ങളിലുള്ള എയർബാഗുകൾക്ക് ആഘാതത്തെ ചെറുക്കാനായില്ലെന്നാണു നിഗമനം.
അബദ്ധമായി ഓവർടേക്കിങ്
ധൃതിയിൽ ഓവർടേക്കിങ്ങിനു ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണംവിട്ടു. തഴക്കമുള്ള പ്രഫഷനൽ ഡ്രൈവറായിരുന്നെങ്കിൽ ഒരുപക്ഷേ അപകടം ഒഴിവായേനെയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 6 ലെയ്ൻ ഹൈവേയിൽ കുണ്ടും കുഴികളുമുള്ളതിനാൽ അമിതവേഗം കൂടുതൽ അപകടമുണ്ടാക്കും. ലെയ്ൻ തെറ്റിച്ച് ഓവർടേക്ക് ചെയ്യുന്നതടക്കം ഇവിടെ പതിവാണ്.
സൂചനാ ബോർഡുകൾ ഇല്ല
പാലത്തിലേക്ക് കയറുന്ന ഭാഗത്ത് സൂചനാ ബോർഡുകളില്ലാത്തതിനാൽ പതിവായി ഇവിടെ അപകടമുണ്ടാകാറുണ്ട്. തെരുവുവിളക്കുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ രാത്രി യാത്ര ദുഷ്കരം.
സീറ്റ് ബെൽറ്റ് പ്രതിജ്ഞ
കാറിലെ പിൻസീറ്റ് യാത്രയിലും ഉറപ്പായും ഇനി സീറ്റ്ബെൽറ്റ് ധരിക്കുമെന്ന് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുമായ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. എല്ലാവരും ഇൗ പ്രതിജ്ഞ എടുക്കണമെന്നും അങ്ങനെ കുടുംബത്തോടുള്ള കടപ്പാട് ഉറപ്പാക്കാമെന്നും കുറിച്ചു.
സംസ്കാരം ഇന്ന്
മുംബൈ ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ (54) സംസ്കാരം ഇന്നു രാവിലെ 11ന് മുംബൈ വർളിയിലെ പാഴ്സി ശ്മശാനത്തിൽ നടത്തും. ഇന്നലെ ജെജെ സർക്കാർ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. ഗുജറാത്തിലെ ആശുപത്രിയിൽ നിന്ന് മുംബൈ എച്ച്എൻ റിലയൻസ് ആശുപത്രിയിലെത്തിച്ച അനാഹിതയ്ക്കു ശസ്ത്രക്രിയ നടത്തി. ഡാരിയസ് പണ്ഡോളെ ഐസിയുവിലാണ്.
Content Highlight: Cyrus Pallonji Mistry