രാജ്യത്തിന് യുവത്വം കുറയുന്നതായി ജനസംഖ്യ റിപ്പോർട്ട്; 2036ൽ കേരളത്തിലെ അഞ്ചിലൊന്നും 60 കഴിഞ്ഞവർ

Mail This Article
ന്യൂഡൽഹി∙ 2036 ആകുമ്പോൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 5 പേരിൽ ഒരാൾ 60 വയസ്സിനു മുകളിലുള്ളയാളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം 2020ൽ പുറത്തിറക്കിയ 'പോപ്പുലേഷൻ പ്രൊജക‍്ഷൻ' റിപ്പോർട്ടിലെ വിവരങ്ങൾ ഉപയോഗിച്ചാണ് യുഎൻഎഫ്പിഎ വിലയിരുത്തൽ.
പ്രായമായവരുടെ ജനസംഖ്യ 2021ൽ 10.1 ശതമാനമായിരുന്നത് 2036ൽ 15 ശതമാനമായി ഉയരും. 2050ൽ ഇത് 20.8% ആകും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 36 % പ്രായമുള്ളവരാകും. 15 വയസ്സിനു താഴെയുള്ളവരുടെ ശതമാനം കുറയുകയും ചെയ്യും.
2050നു മുൻപുതന്നെ പ്രായമായവരുടെ ജനസംഖ്യാതോത് 14 വയസ്സുവരെയുള്ള കുട്ടികളുടെ തോതിനെ മറികടക്കും. 15 മുതൽ 59 വയസ്സുവരെയുള്ളവരുടെ ജനസംഖ്യാവിഹിതം കുറയും. യുവത്വം നിറഞ്ഞ ഇന്ത്യ വരുന്ന പതിറ്റാണ്ടുകളിൽ അതിവേഗം പ്രായമേറിയവരുടെ സമൂഹമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021ൽ കേരളത്തിൽ മുതിർന്നവരുടെ ജനസംഖ്യ 16.5 ശതമാനമായിരുന്നത് 2036ൽ 22.8 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. 2036ൽ ജനസംഖ്യാവിഹിതത്തിൽ പ്രായമായവരുടെ ശതമാനം ഏറ്റവും കൂടുതൽ കേരളത്തിലായിരിക്കും. തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ: തമിഴ്നാട് (20.8%), ഹിമാചൽ പ്രദേശ് (19.6%), ആന്ധ്ര പ്രദേശ് (19.0%).
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ജനസംഖ്യയിൽ പ്രായമുള്ളവരുടെ തോത് നിലവിൽ ഉയർന്ന നിലയിലാണ്. ഇതു വീണ്ടും ഉയരും.
English Summary: Population report that India is losing its youth