5 യുവ ഡോക്ടർമാർക്ക് തിരയിൽപെട്ടു ദാരുണാന്ത്യം; സംഭവം നാഗർകോവിലിനു സമീപം
Mail This Article
നാഗർകോവിൽ ∙ സഹപാഠിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ രണ്ടു വനിതകൾ ഉൾപ്പെടെ 5 യുവ ഡോക്ടർമാർക്ക് തിരയിൽപെട്ടു ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ ഗണപതിപുരത്തിനു സമീപം ലെമൂർ ബീച്ചിൽ ഇന്നലെ രാവിലെ പത്തോടെയാണു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. 3 ഡോക്ടർമാരെ മത്സ്യത്തൊഴിലാളികളും മറ്റും ചേർന്നു രക്ഷപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് തെക്കൻ തമിഴ്നാട്ടിലും കേരളത്തിലും ഉയർന്ന തിരമാലകൾ സംബന്ധിച്ച മുന്നറിയിപ്പ് നിലനിൽക്കെ വിലക്കുലംഘിച്ചു കടൽത്തീരത്തു പ്രവേശിച്ചവരാണ് അപകടത്തിൽപെട്ടത്.
കന്യാകുമാരി പറക്ക ചെട്ടിത്തെരുവിൽ പശുപതിയുടെ മകൻ പി.സർവദർഷിത്ത് (23), ഡിണ്ടിഗൽ ഒട്ടംഛത്രം മുരുകേശന്റെ മകൻ എം.പ്രവീൺ സാം (23), നെയ്‌വേലി സ്വദേശി ബാബുവിന്റെ മകൾ ബി.ഗായത്രി (25), ആന്ധ്ര സ്വദേശി വെങ്കടേഷ് (24), തഞ്ചാവൂർ സ്വദേശി ദുരൈ സെൽവന്റെ മകൾ ഡി.ചാരുകവി (23) എന്നിവരാണു മരിച്ചത്. 12 പേരുള്ള സംഘത്തിലെ 8 പേർ കടലിലിറങ്ങി കാൽ നനയ്ക്കുമ്പോഴാണു തിരയെടുത്തത്. 4 പേർ സംഭവസ്ഥലത്തു മരിച്ചു. കുളച്ചൽ പൊലീസ്, നാഗർകോവിൽ അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.