കർണാടകയിൽ 187 കോടിയുടെ തിരിമറി: അറസ്റ്റിലായ മുൻമന്ത്രി നാഗേന്ദ്ര 18 വരെ ഇ.ഡി കസ്റ്റഡിയിൽ

Mail This Article
ബെംഗളൂരു∙ പട്ടികവർഗ വികസന കോർപറേഷനിലെ 187 കോടി രൂപയുടെ ഫണ്ട് തിരിമറി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ബി.നാഗേന്ദ്രയെ ബെംഗളൂരുവിലെ പ്രത്യേക കോടതി 18 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഴിമതി ആരോപണത്തെ തുടർന്ന് ജൂൺ 6നാണ് നാഗേന്ദ്ര പട്ടികവർഗ വികസന, യുവജനക്ഷേമ മന്ത്രി സ്ഥാനം രാജിവച്ചത്.
വെള്ളിയാഴ്ച ഇ.ഡി കസ്റ്റഡിയിലെടുത്ത നാഗേന്ദ്രയുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്.ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രാവിലെ 6 മണിയോടെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജിയുടെ വീട്ടിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനോടു നാഗേന്ദ്ര സഹകരിക്കുന്നില്ലെന്ന് ഇ.ഡി ജഡ്ജിയെ ധരിപ്പിച്ചു.
അസുഖമുണ്ടെന്നും തുടർച്ചയായുള്ള മെഡിക്കൽ പരിശോധന ആവശ്യമാണെന്നും നാഗേന്ദ്രയും അറിയിച്ചു. 24 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശം നൽകി. കോർപറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി.ചന്ദ്രശേഖർ മേയ് 26ന് ശിവമൊഗ്ഗയിലെ വീട്ടിൽ ജീവനൊടുക്കിയതിനെ തുടർന്നാണ് ക്രമക്കേട് പുറത്തുവന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബെംഗളൂരു എംജി റോഡ് ശാഖയിലെ പട്ടിക വർഗ വികസന കോർപറേഷൻ അക്കൗണ്ടിൽ നിന്ന് 187 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്.
മന്ത്രി നാഗേന്ദ്രയുടെ നിർദേശപ്രകാരം കോർപറേഷൻ എംഡി: ജെ.ജി.പത്‌മനാഭ, അക്കൗണ്ട്സ് ഓഫിസർ പരശുറാം ജി.ദുരുഗണ്ണവർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്മിത റാവൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരിമറി നടത്തിയതെന്നും ചന്ദ്രശേഖർ കുറിപ്പെഴുതി വച്ചിരുന്നു. കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിൽ സിബിഐയും അന്വേഷിക്കുന്ന കേസിൽ ഇ.ഡി ഇടപെട്ടതിനെ ചോദ്യം ചെയ്ത് കർണാടക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.