ആത്മഹത്യ ചെയ്യുമെന്ന് ഹർജിക്കാരൻ; നിങ്ങൾക്കു വേണ്ടത് കൗൺസലിങ്: കോടതി
Mail This Article
ന്യൂഡൽഹി ∙ പരാതിക്കു പരിഹാരം കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഹർജിക്കാരൻ സുപ്രീം കോടതി ജഡ്ജിമാർക്കു മുൻപാകെ നിന്നാൽ എന്തുസംഭവിക്കും? കോടതിയും അതേ സ്വരമെടുത്തു. ഈ രീതിയിൽ കോടതിയെ ഭീഷണിപ്പെടുത്തുന്നതു കുറ്റകരമാകും. എൻജിനീയറിങ് കോളജുകളിലെ പ്രശ്നമുയർത്തി കോടതിക്കു മുൻപാകെ നേരിട്ട് ഹർജിക്കാരൻ തന്നെ ഹാജരായപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹിന്ദിയിൽ സംസാരിച്ച ഹർജിക്കാരൻ ആവലാതി പറഞ്ഞു. ‘കയറാത്ത കോടതികൾ ഇല്ല, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫിസിൽ വരെ കത്തയച്ചു എന്നിട്ടും പരിഹാരമില്ല. എന്തു ചെയ്യണം?’
ഹർജി എടുത്തു വായിച്ച ജസ്റ്റിസ് ഖന്ന മറുപടി നൽകി: ‘ഈ വിധമാണ് ഹർജി എഴുതിയിരിക്കുന്നതെങ്കിൽ എവിടെയും പരിഹാരം കിട്ടില്ല’. പിന്നാലെയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. നിങ്ങൾ അത്രയും ഭീരുവല്ലെന്ന് കോടതി സാന്ത്വനിപ്പിച്ചിട്ടും ഹർജിക്കാരൻ വഴങ്ങാതെ വന്നതോടെയാണ് കോടതിയും ‘ഭീഷണിയുടെ’ സ്വരമെടുത്തത്. നിങ്ങൾ പറയുന്നതു കേൾക്കാൻ പരാമവധി ശ്രമിച്ചുവെന്നു ജസ്റ്റിസ് ഖന്ന പറഞ്ഞു. കോടതിയുടെ നിയമസഹായ വിഭാഗത്തിന്റെ കൗൺസലിങ്ങാണു നിങ്ങൾക്ക് ആവശ്യമെന്നും പറഞ്ഞു.