പശ്ചിമഘട്ടം: ഭൂമി തരംമാറ്റുന്നത് നിരോധിച്ച് കർണാടക
Mail This Article
ബെംഗളൂരു∙ പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലെ ഭൂമി തരം മാറ്റുന്നത് വനംവകുപ്പ് താൽക്കാലികമായി നിരോധിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ കൃഷി, ഖനനം എന്നിവയ്ക്കായി ഭൂമി തരം മാറ്റുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് നടപടി. കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല മേഖലകളായി വേർതിരിച്ചിരിക്കുന്നയിടങ്ങളിലാണു നിരോധനം നടപ്പാക്കുന്നതെന്നു വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത് വരെയാണ് നിരോധനം.
കർണാടകയിലെ 10 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ടത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു വനംവകുപ്പ് കഴിഞ്ഞ ആഴ്ച തുടക്കമിട്ടിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുടക് ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള 104 ഇടങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നോട്ടിസും നൽകിയിട്ടുണ്ട്.