ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് മാർച്ച് മുതൽ ഗുണനിലവാര മാനദണ്ഡം നിർബന്ധം
Mail This Article
ന്യൂഡൽഹി∙ വൻകിട–ഇടത്തരം കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന ഗാർഹിക, വാണിജ്യ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് മാർച്ച് മുതൽ ഗുണനിലവാര മാനദണ്ഡം (ക്യുസിഒ–ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ചെറുകിട സംരംഭങ്ങൾക്ക് ഈ മാനദണ്ഡം പാലിക്കാൻ 9 മാസവും സൂക്ഷ്മ സംരംഭങ്ങൾക്ക് ഒരു വർഷവും സമയം ലഭിക്കും. ഗുണനിലവാര മാനദണ്ഡം കർശനമാക്കുന്നതുവഴി ഉപകരണങ്ങളുടെ വില കൂടാൻ സാധ്യതയുണ്ട്.
-
Also Read
പാളയത്തിൽ പട; ബിജെപി വിയർക്കുന്നു
സിംഗിൾ ഫേസിൽ പരമാവധി 250 വോൾട്ടും ത്രീഫേസിൽ 415 വോൾട്ട് വരെയും ഉള്ള ഉപകരണങ്ങൾക്കാണ് ഇതു ബാധകം. ഏകദേശം 85 ഉപകരണങ്ങൾക്ക് ഇതു ബാധകമാകും. നിലവാരം കുറഞ്ഞ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്ന ഉപകരണങ്ങളുടെ വിൽപന ഒരു വർഷത്തിനകം അവസാനിപ്പിക്കാനാണു നീക്കം. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. പഴയ സ്റ്റോക്കുകൾ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കേണ്ടി വരും.
ക്യുസിഒ അനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി ഉൽപാദനം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.
മാനദണ്ഡം ലംഘിച്ചാൽ നിർമാതാക്കൾക്ക് 2 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ലഭിക്കാം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ക്യുസിഒ ബാധകമല്ല.
ബാധകമാകുന്ന ഉപകരണങ്ങളിൽ ചിലത്
വാക്വം ക്ലീനർ, കുക്കിങ് റേഞ്ച്, അവ്ൻ, ഇലക്ട്രിക്കൽ ഷേവർ, ഫ്രയർ, ഇലക്ട്രിക് കെറ്റിൽ, കോഫി മേക്കർ, കോളിങ് ബെൽ, ഇലക്ട്രിക് തയ്യൽ മെഷീൻ, ഡിഷ്‍വാഷർ, ഗ്രൈൻഡറുകൾ, ഹീറ്റർ