പാളയത്തിൽ പട; ബിജെപി വിയർക്കുന്നു
Mail This Article
ന്യൂഡൽഹി ∙പറക്കുന്ന പക്ഷിയെ പിടിക്കാനുള്ള ശ്രമത്തിനിടെ, കയ്യിലുള്ളതും കൂടി പോകുമോ? നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനും അവിടെ നിലനിർത്താനും ബദ്ധപ്പെടുന്നതിനിടെയാണു ബിജെപിയിൽ പാളയത്തിൽ പട പൊട്ടിപ്പുറപ്പെട്ടത്.
ജമ്മു കശ്മീർ ബിജെപി വൈസ് പ്രസിഡന്റ് പവൻ ഖജുരിയ അടക്കം 3 പ്രധാന നേതാക്കളെ പുറത്താക്കേണ്ടി വന്നു പാർട്ടിക്ക്. 3 പേരും മത്സരരംഗത്തുണ്ട്. ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. മന്ത്രിമാരായ ബിഷാംബർ സിങ് വാത്മീകി, രഞ്ജിസ് സിങ് ചൗട്ടാല എന്നിവരടക്കം ഇരുപതോളം നേതാക്കൾ ബിജെപിയിൽ നിന്നു രാജി വച്ചിരുന്നു.
രണ്ടിടത്തും വിമതർ ഉന്നയിക്കുന്നതു ഒരു കാര്യമാണ്: ‘ഇന്നലെ പാർട്ടിയിൽ വന്നവർക്കു സ്ഥാനാർഥിത്വം നൽകി, ഇതുവരെ പാർട്ടിക്കു വേണ്ടി ചോര നീരാക്കിയ ഞങ്ങളെ ബലിയാടാക്കി. ഇനി ഞങ്ങളെന്തു ചെയ്യും?’. ഇതര പാർട്ടികളിൽ നിന്ന് സമീപകാലത്തു ബിജെപിയിലെത്തിയവർക്കു വേണ്ടിയാണു പാരമ്പര്യമുള്ള പാർട്ടിക്കാരെ തഴയുന്നതെന്ന വൈരുധ്യമുണ്ട്. എതിർ പാർട്ടികളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിനിടെ, സ്വന്തം അണികളും നേതാക്കളും വിട്ടുപോകുന്നതു ഗുണകരമാവില്ലെന്നാണു വിലയിരുത്തൽ.