ADVERTISEMENT

ന്യൂഡൽഹി ∙ ഐസിയുവിൽ ഉൾപ്പെടെ കൃത്രിമ ജീവൻരക്ഷാ മാർഗങ്ങളുടെ മാത്രം സഹായത്താൽ കഴിയുന്ന രോഗികളിൽനിന്ന് ഉപകരണങ്ങൾ നീക്കുന്നതു സംബന്ധിച്ച കരടുമാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. കൃത്രിമ മാർഗങ്ങളിലൂടെ ജീവൻ നിലനിർത്തി 72 മണിക്കൂറിനുശേഷവും ആരോഗ്യനിലയിൽ മാറ്റമില്ലെങ്കിൽ ഉപകരണങ്ങൾ നീക്കാം. ഇതിനു രോഗിയുടെ അല്ലെങ്കിൽ ബന്ധുക്കളുടെയും ഡോക്ടർമാരുൾപ്പെട്ട വിദഗ്ധസമിതിയുടെയും അനുമതി വേണം.

ഉപകരണങ്ങളുടെ സഹായത്താൽ മാത്രം ജീവൻ നിലനിർത്തുന്നത് രോഗിക്കും ബന്ധുക്കൾക്കും ചികിത്സാ സംവിധാനത്തിനും പ്രയോജനമില്ലാതെ സമ്മർദമുണ്ടാക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു തീരുമാനം. കരടിൽ ഒക്ടോബർ 20 വരെ അഭിപ്രായം അറിയിക്കാം.

നടപടിക്രമം ഇങ്ങനെ

ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ രോഗിയുടെ ജീവൻ നിലനിർത്താനാകൂവെന്നു ചികിത്സിക്കുന്ന ഡോക്ടർ ഉറപ്പാക്കണം. തുടർന്ന് പ്രൈമറി മെഡിക്കൽ ബോർഡ് (പ്രൈമറി ഫിസിഷ്യൻമാർ, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 2 വിദഗ്ധ ഡോക്ടർമാർ) ഇതു പരിശോധിച്ച് ഉറപ്പാക്കണം. ബന്ധുക്കളുമായി കൂടിയാലോചന നടത്തണം. അവയവദാനത്തിനു ബന്ധുക്കൾക്കു സമ്മതമെങ്കിൽ അക്കാര്യത്തിലും ചർച്ച നടത്തണം. മേൽപറഞ്ഞ നടപടികളുടെ റിപ്പോർട്ട് സെക്കൻഡറി മെഡിക്കൽ ബോർഡിനു (ചീഫ് മെഡിക്കൽ ഓഫിസർ നിർദേശിക്കുന്ന ഡോക്ടർ, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 2 വിദഗ്ധ ഡോക്ടർമാർ) സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ബോർഡ് രോഗിയെ സന്ദർശിച്ചു വസ്തുതകൾ ഉറപ്പാക്കണം. സെക്കൻഡറി മെഡിക്കൽ ബോർഡിന്റെ അനുമതി കൂടി ലഭിച്ചാൽ ആശുപത്രി അധികൃതർ ജില്ലാ കലക്ടറേറ്റിൽ അറിയിക്കണം. ശേഷം ഉപകരണങ്ങൾ നീക്കം ചെയ്യാം.

ദയാവധവുമായി ബന്ധമില്ല

രാജ്യത്തു പാലിച്ചുവരുന്ന ഐസിയു നിയമങ്ങളെ മാർഗരേഖയാക്കി മാറ്റിയെന്നല്ലാതെ കരടുരേഖയ്ക്കു ദയാവധവുമായി ബന്ധമില്ലെന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ അനസ്തീസിയ – ക്രിട്ടിക്കൽ കെയർ വിദഗ്ധൻ ഡോ. സുരേഷ് ജി.നായർ പറഞ്ഞു. മരുന്നു കുത്തിവച്ചു മരണം സാധ്യമാക്കുന്ന ദയാവധം ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

ഭേദപ്പെടുത്താനാകാത്ത രോഗാവസ്ഥയിലുള്ളവർക്ക്, ദുരിതജീവിതം നീട്ടുന്നതിനു പകരം ചികിത്സ സ്വയം വേണ്ടെന്നുവയ്ക്കാമെന്ന് 2023ൽ സുപ്രീംകോടതി വിധിച്ചിരുന്നു. മരണാസന്ന വ്യക്തി സ്വബോധത്തോടെ രേഖാമൂലം നേരത്തേ നൽകിയ നിർദേശമനുസരിച്ചോ അല്ലാതെയോ ചികിത്സ ഒഴിവാക്കാൻ ബന്ധുക്കളും ഡോക്ടർമാരും ജില്ലാ കലക്ടറും ഹൈക്കോടതിയും ഉൾപ്പെടുന്ന അനുമതി സംവിധാനമാണു സുപ്രീംകോടതി നിർദേശിച്ചത്.

English Summary:

Health Ministry Draft: Remove Equipment After Seventy Two Hours If No Status Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com