തുടർച്ചയായ സർവീസുകൾ പാളം തകർക്കും; പേപ്പർ കീറുന്ന ഉദാഹരണവുമായി മന്ത്രി

Mail This Article
ന്യൂഡൽഹി ∙ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പലതും നിർത്തലാക്കിയതിനു പിന്നിലെ കാരണം പേപ്പർ കീറുന്നതിന്റെ ഉദാഹരണത്തിലൂടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വിശദീകരിച്ചു.കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുമോയെന്ന കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനായിരുന്നു റെയിൽവേ മന്ത്രിയുടെ ‘ലൈവ് ഡെമോ’. ട്രാക്കുകളിലൂടെ തുടർച്ചയായി ട്രെയിനുകൾ ഓടുമ്പോൾ പാളങ്ങളിൽ ചെറിയ തകരാറുകൾ സംഭവിക്കും.
ഇവ ക്രമേണ വലിയ തകരാറുകൾക്കും അപകടങ്ങൾക്കും വഴിവയ്ക്കാം. ഇത് വിശദീകരിക്കാനാണ് അദ്ദേഹം പേപ്പർ എടുത്തത്. പേപ്പർ സഭയിൽ ഉയർത്തിക്കാട്ടരുതെന്ന് സ്പീക്കർ ഓം ബിർല നിർദേശിച്ചപ്പോൾ ഉദാഹരണത്തിനു വേണ്ടി മാത്രമാണെന്ന് മന്ത്രി പറഞ്ഞു–‘ഒരു പേപ്പറിന്റെ ഇരുവശങ്ങളിലും പിടിച്ച് വലിച്ചാൽ അത് കീറണമെന്നില്ല, എന്നാൽ പേപ്പറിന്റെ ഏതെങ്കിലും ഒരു വശത്ത് ചെറിയൊരു കീറലുണ്ടെങ്കിൽ, ഈ വലിയിൽ പേപ്പർ രണ്ടു കഷ്ണമാകും. ഇതുതന്നെയാണ് ട്രാക്കുകളുടെയും അവസ്ഥ. ചെറിയ വിള്ളലുകൾ വലിയ പ്രശ്നങ്ങൾക്കു കാരണമാകാം’–മന്ത്രി പറഞ്ഞു.
കോവിഡിനു മുൻപ് 2018 ൽ തന്നെ ഈ പ്രശ്നം പരിഹരിക്കുന്നതായി ഐഐടി ബോംബെ പഠനം നടത്തി. ഒരു ദിവസം കുറഞ്ഞത് 3 മണിക്കൂറെങ്കിലും അറ്റകുറ്റപ്പണികൾക്കായി ട്രാക്ക് ഒഴിച്ചിടണമെന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ടൈംടേബിൾ പരിഷ്കരിക്കേണ്ടി വന്നപ്പോൾ ഒട്ടേറെ സ്റ്റോപ്പുകൾ ഒഴിവാക്കേണ്ടി വന്നു. ഇതിനു കോവിഡുമായി ബന്ധമില്ലെന്നും മന്ത്രി മറുപടിയായി പറഞ്ഞു.