പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു: യുഡിഎഫ്
Mail This Article
കണ്ണൂർ ∙ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് യുഡിഎഫ്. വിലാപയാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിന്റെ പേരിൽ ലീഗുകാരെ പൊലീസ് വേട്ടയാടുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചെങ്കിലും സമാധാനശ്രമങ്ങളോടുള്ള എതിർപ്പായി അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നു കലക്ടർ ടി.വി.സുഭാഷ് പ്രതികരിച്ചു. പ്രതികൾ അറസ്റ്റിലായ ശേഷം എല്ലാവരെയും ഉൾപ്പെടുത്തി വീണ്ടും ചർച്ച നടത്തും. സമാധാന സന്ദേശം താഴേക്കിടയിലേക്ക് എത്തിക്കും. സിപിഎം – ലീഗ് ഉഭയകക്ഷി ചർച്ചയുടെ സാധ്യതയും ആരായുന്നതായി കലക്ടർ പറഞ്ഞു.
വിലാപയാത്രയ്ക്കിടയിലെ അക്രമം ആസൂത്രിതമായിരുന്നുവെന്നും ആയുധങ്ങളുമായി എത്തിയ സംഘമാണ് കടകളും പാർട്ടി ഓഫിസുകളും തകർത്തെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കൊലപാതകം ദൗർഭാഗ്യകരമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ‘ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി’ എന്നു സിപിഎം നേതാവ് പി.ജയരാജന്റെ മകന്റെ ജെയിൻ രാജ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം പാർട്ടി നിലപാട് അല്ലെന്നും എം.വി.ജയരാജൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തകർക്കപ്പെട്ട സിപിഎം ഓഫിസുകളും കടകളും എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു.
പാനൂരിലെ കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെ: പി.എം.എ സലാം
കൊച്ചി ∙ പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും സിപിഎം നേതാക്കളുടെ അറിവോടെയുമെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ നിസംഗമായ നിലപാടാണു പൊലീസിന്റേത്. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണു മുസ്‌ലിം ലീഗും യുഡിഎഫും. ആക്രമണത്തിനിരയായവരും നാട്ടുകാരും പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേസിൽ നേരായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ മുസ്‌ലിംലീഗ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
English Summary: UDF against police in Mansoor murder case