മോഫിയയുടെ മരണം: ഭർത്താവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Mail This Article
കൊച്ചി ∙ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയെന്ന കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാൽ സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവർക്കു ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യം അനുവദിച്ചു. സുഹൈലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നു കോടതി വിലയിരുത്തി.
ഹാജരാക്കിയ വസ്തുതകൾ ശരിയെങ്കിൽ മോഫിയയോടു വളരെ ക്രൂരമായാണു പ്രതി പെരുമാറിയതെന്നും സുഹൈലിന്റെ പെരുമാറ്റത്തെക്കുറിച്ചു മോഫിയയ്ക്ക് ഗൗരവമായ പരാതികളുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്നും വീട്ടുജോലിക്കാരിയെപ്പോലെ ജോലിയെടുപ്പിച്ചെന്നും ഒരുതവണ കയ്യേറ്റം ചെയ്തെന്നുമാണു റുഖിയയ്ക്കെതിരെയുള്ള ആരോപണം. യൂസഫിനെതിരെ മോഫിയ പ്രത്യേകിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇവർ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു കോടതി വിലയിരുത്തി.
നവംബർ 22നാണ് മോഫിയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ മാസം 8ന് ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. മോഫിയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയ മൊഴികളും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും അനുസരിച്ചു ഹർജിക്കാർ കുറ്റക്കാരാണെന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ അറിയിച്ചു.
English Summary: Mofiya Parveen death: High Court rejects bail application of husband