സിവിക്കിന്റെ ജാമ്യം: സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കി

Mail This Article
കൊച്ചി ∙ എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ കോഴിക്കോട് സെഷൻസ് കോടതി, പരാതിക്കാരിയായ യുവതിയുടെ വസ്ത്രധാരണത്തിന് എതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. എന്നാൽ പ്രായം കണക്കിലെടുത്തു സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരിയും സംസ്ഥാന സർക്കാരും നൽകിയ ഹർജികളാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പരാമർശിച്ചാണു മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ പ്രകോപനപരമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നത് സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം കാട്ടാൻ ലൈസൻസ് നൽകുന്നില്ലെന്നു ഹൈക്കോടതി പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശത്തിന്റെ സ്വാഭാവികമായ ഭാഗമാണ്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കുറ്റത്തിൽ നിന്ന് ഒരാളെ ഒഴിവാക്കാൻ സ്ത്രീയുടെ വസ്ത്രധാരണം നിയമപരമായ അടിസ്ഥാനമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും ഓഗസ്റ്റ് 2ന് മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീ സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പരാമർശങ്ങളാണു മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ കോഴിക്കോട് സെഷൻസ് കോടതി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മിഷൻ ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഉത്തരവിന് പിന്നാലെ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ കൊല്ലം ലേബർ കോടതി ജഡ്ജിയായി ഹൈക്കോടതി ഭരണവിഭാഗം സ്ഥലം മാറ്റിയിരുന്നു. എന്നാൽ കൃഷ്ണകുമാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്ഥലം മാറ്റം സ്റ്റേ ചെയ്തു.
English Summary: Civic Chandran rape case: High Court removes sessions court's remarks from verdict