സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

Mail This Article
കൊയിലാണ്ടി ∙ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം ജാമ്യമനുവദിച്ചു. ശനിയാഴ്ച രാവിലെ 10ന് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് മുൻപാകെയാണ് ഹാജരായത്. സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിവിക്കിന്റെ മുൻകൂർ ജാമ്യം കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിലാണ് യുവതി പരാതി നൽകിയത്. സംഭവത്തെ തുടർന്ന് നിരന്തരം ഫോൺ വഴി ശല്യം തുടർന്നു എന്നും പരാതിയുണ്ടായിരുന്നു. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസ് എടുത്തിരുന്നു. 354, 325 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാറാണ് കേസന്വേഷിക്കുന്നത്. ആദ്യ കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി ഹരിപ്രസാദിനാണ്. യുവഎഴുത്തുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയാണ് സിവിക്ചന്ദ്രനെതിരെ ആദ്യം ഉയർന്നത്. ഈ കേസിൽ ഡിവൈഎസ്പിക്ക് മുൻപാകെ സിവിക് ചന്ദ്രൻ 25നുള്ളിൽ ഹാജരാവണം.
English Summary: Civic Chandran given bail after arrest