‘കുടികർ തിലകം’; മേളവിശേഷങ്ങൾ
Mail This Article
∙ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വേദിയിലൊന്ന് ചെന്നു നോക്ക്. നല്ല കാറ്റും കാവും മുമ്പീ കായലും. ഉഗ്രൻ പാക്കേജായിരുന്നു കേട്ടാ...
അയ്യോടേ... പഞ്ചവാദ്യത്തിന്റെ മൽസരം കണ്ടു. ഇതിന്റെടയില് നമ്മടെ കുമാറണ്ണനും ശശിയണ്ണനും കൂടെ വന്നു. അടിച്ചുപൂക്കുറ്റി. സംഗതി വശപ്പിശകാകുമെന്ന് വിചാരിച്ച് പൊലീസ് അങ്ങോട്ടു ചെന്നപ്പോ ഒരു ചേച്ചി പറഞ്ഞു: അയ്യോ സാറേ. അടിച്ചാ കമാന്ന് മിണ്ടാത്ത എനങ്ങളാ. പിന്നല്ലേ, അവര് നമ്മടെ നാട്ടീ നടക്കുന്ന പരിപാടിക്ക് ഓരുണ്ടാക്കത്തില്ല. നമ്മള് ഗ്യാരന്റി.
കറക്ടാരുന്നു. രണ്ടു പ്രശ്നമേ ഉണ്ടാരുന്നുള്ളൂ. കുമാറണ്ണൻ തോളീക്കെടന്ന തോർത്ത് ഇടയ്ക്കിടെ പൊക്കി; തൃശൂർ പൂരം പോലെ താളം പിടിച്ചു. നമ്മടെ ശശിയണ്ണൻ നോക്കുമ്പോ കൈയീ തോർത്തില്ല. എന്തോ ചെയ്യും. കക്ഷത്തിരുന്ന പത്രമെടുത്തു കുഴലുപോലാക്കി, മുകൾഭാഗം ഏഴെട്ടായിട്ട് കീറിയിട്ട് വെഞ്ചാമരം പോലാക്കി. അതെടുത്ത് പൊക്കി; എടയ്ക്കിടെ. പക്ഷേ ചേച്ചി പറഞ്ഞത് കറക്ടാരുന്നു: കമാന്നൊരക്ഷം മിണ്ടിയില്ല. ഇതു പോലൊരു പ്രോത്സാഹനം മൽസരിക്കുന്ന പുള്ളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പൊലീസുകാരൻ ഭവ്യതയോടെ ചേച്ചിയോടു ചോദിച്ചു: നമ്മക്കെവിടാ ജോലി?
‘‘ബെവറേജസിലാ..എവർക്കാകെയുള്ള ഒരു മനഃപ്രയാസം ഈ ക്രിസ്മസിന് ആശ്രാമം ബെവറേജിന്റെ ഒന്നാം സ്ഥാനം പോയതിലാ. കിട്ടിയപ്പോ ലഡുവിതരണം നടത്തിയ പാർട്ടികളാ. അന്നും ഉരിയാട്ടമില്ല. പിന്നെ നമ്മളു പറഞ്ഞു മനസ്സിലാക്കി: വിഷമിക്കരുത്. പരിസരത്തൊക്കെ പ്രീമിയം കൗണ്ടറുകള് വന്നേ പിന്നാ. നമ്മളങ്ങനെ വീണുപോയിട്ടൊന്നുമില്ല.