ADVERTISEMENT

കോട്ടയം ∙ ഏറെക്കാലത്തിനു ശേഷം ലോക്സഭയിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടിയായി കേരള കോൺഗ്രസ് (എം) മാറുന്നു. തോമസ് ചാഴികാടന്റെ തോൽവിയോടെ ലോക്സഭാംഗത്വമാണ് പാർട്ടിക്കു നഷ്ടമായത്. വരുന്ന ജൂലൈയോടെ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കും. കഴിഞ്ഞ 15 വർഷത്തിനിടെ എംപി സ്ഥാനം പാർട്ടിക്ക് ആദ്യമായാണു നഷ്ടപ്പെടുന്നത്. നിലവിലെ കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ പുനർനിർണയത്തിനു ശേഷം ജോസ് കെ. മാണി രണ്ടുതവണ ലോക്സഭാംഗമായി. പിന്നീട് തോമസ് ചാഴികാടനും ലോക്സഭാംഗമായി.  

ഇപ്പോഴത്തെ പരാജയത്തോടെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് (എം) അഭിമാനപ്രശ്നവുമായി മാറും. എന്നാൽ ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ കുറവോടെ പരാജയം ഏറ്റുവാങ്ങിയതിനാൽ രാജ്യസഭാ സീറ്റിനായുള്ള അവകാശവാദത്തിന് സിപിഎം എത്ര ഗൗരവം നൽകുമെന്നതും പാർട്ടിയെ അലട്ടുന്നുണ്ട്.

രാജ്യസഭാംഗവും ലോക്സഭാംഗവും ഉള്ള പാർട്ടിയെന്ന ഖ്യാതിയിൽനിന്ന് എംപിയില്ലാ പാർട്ടിയെന്ന നിലയിലേക്കു കേരള കോൺഗ്രസ് (എം) മാറുന്നതു ക്ഷീണമാണെങ്കിലും നിയമസഭയിലെ അംഗബലവും മന്ത്രിസ്ഥാനവും ശക്തി നൽകുന്നുണ്ട്.  യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം, കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ തിരിച്ചുപിടിക്കാമെന്നും സിപിഎം കണക്കു കൂട്ടിയിരുന്നു. അതിനും തിരിച്ചടിയേറ്റു. ഇടതുമുന്നണിയിലേക്കു കേരള കോൺഗ്രസിനെ (എം) ക്ഷണിച്ചതും ഇതു മനസ്സിൽ വച്ചുകൊണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com