‘ബധിരരും മൂകരും’ ഇനി വേണ്ട; കേൾവിപരിമിതർ എന്ന വാക്കും ഉചിതമല്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കേൾവിക്കു ബുദ്ധിമുട്ടുള്ളവർ എന്നേ പറയാവൂവെന്നും ‘ബധിരരും മൂകരും’ (ഡഫ് ആൻഡ് ഡംബ്) പോലുള്ള പ്രയോഗം തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡഫ് ആൻഡ് ഡംബ് വിശേഷണം മധ്യകാല കാലഘട്ടത്തിന്റെ ശേഷിപ്പാണെന്നും അവ സാങ്കേതികമായും ധാർമികമായും തെറ്റാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരു ഹർജിയിൽ ‘ബധിരയും മൂകയുമാണ്’ എതിർകക്ഷി എന്നു പ്രയോഗിച്ചതു തിരുത്തിയ കോടതി കേൾവിപരിമിതർ എന്ന വാക്കും ഉചിതമല്ലെന്നു വ്യക്തമാക്കി.
ശാസ്ത്രം ഏറെ സഹായ ഉപകരണങ്ങൾ വികസിപ്പിച്ചെങ്കിലും കേൾവിക്കു ബുദ്ധിമുട്ടുള്ളവർ ഏറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നു കോടതി പറഞ്ഞു. സംസാരശേഷിയുമായി ബുദ്ധിയെ ബന്ധിപ്പിക്കുന്ന പതിവുമൂലം, കേൾവിക്കു ബുദ്ധിമുട്ടുള്ളവരെ ഗ്രഹണശേഷിയില്ലാത്തവരായിപ്പോലും മുൻപ് കരുതിയിരുന്നു. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെട്ടു. പിന്നീട് അതിനു മാറ്റമുണ്ടാവുകയും മുദ്രകളിലൂടെ സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്കു മാറുകയും ചെയ്തു. എന്നാലും കേൾവിക്കു ബുദ്ധിമുട്ട് നേരിടുന്നവർ ഇപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടൽ നേരിടുന്നുണ്ട്.
സാധാരണ ബുദ്ധിയുള്ള, കൃത്യമായി കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷിയുള്ള സംസാരശേഷിയില്ലാത്തവരെക്കാൾ കൂടുതൽ അവസരങ്ങൾ സംസാരിക്കാൻ സാധിക്കുന്നവർക്കു ലഭിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.