കോട്ടയം മെഡിക്കൽ കോളജ്: പ്രധാന സിടി സ്കാൻ സംവിധാനം തകരാറിലായിട്ട് 2 മാസം
Mail This Article
ഗാന്ധിനഗർ ∙ മെഡിക്കൽ കോളജിലെ പ്രധാന സിടി സ്കാൻ സംവിധാനം തകരാറിലായിട്ട് 2 മാസം പിന്നിടുന്നു. നിർധനരോഗികൾ പോലും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലായിട്ടും അധികൃതർക്ക് കുലുക്കമില്ല.
വാറന്റി കാലാവധിയിലുള്ള മെഷീൻ തകരാറിലായതിനു പിന്നിൽ അഴിമതിയുണ്ടെന്നും സ്വകാര്യ ലാബുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്ത്. മെഷീന്റെ പ്രധാനഭാഗമാണ് തകരാറിലായതെന്നും ചൈനയിൽനിന്ന് ഉപകരണം എത്തിയെങ്കിലേ നന്നാക്കാൻ കഴിയുകയുള്ളൂവെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
ആശുപത്രിയിൽ ആരോഗ്യസുരക്ഷാ പദ്ധതിളൊന്നും ഇല്ല. രോഗികളുടെ ഏക ആശ്വാസമായിരുന്നു സർക്കാർ നിയന്ത്രണത്തിലുള്ള ഈ സംവിധാനം. ഇതുകൂടി പണിമുടക്കിയതോടെ രോഗികൾ സ്വകാര്യലാബുകളിൽ പോകേണ്ട സ്ഥിതിയിലാണ്. ഒരു ദിവസം 100 മുതൽ 200 പേരുടെ സ്കാനിങ് വരെ ഈ മെഷീനിൽ നടത്തിയിരുന്നു.
ഇതേസമയം ഓവർലോഡായതാണ് മെഷീൻ തകരാറിലാകാൻ കാരണമെന്ന് അധികൃതർ പറയുന്നു. 175 സ്കാനിങ്ങുകളാണ് ഈ മെഷീന്റെ കപ്പാസിറ്റി.
രോഗികളുടെ എണ്ണം കൂടുതലായതിനാൽ ചില സന്ദർഭങ്ങളിൽ അതിലേറെ പരിശോധന നടത്തേണ്ടതായി വരാറുണ്ടെന്നും അങ്ങനെയാണ് മെഷീൻ ഓവർലോഡായതെന്നും ജീവനക്കാർ പറയുന്നു. ഒരു മണിക്കൂർ മെഷീൻ ഓഫാക്കണമെന്നാണ് വ്യവസ്ഥ. രോഗികൾ തിരക്കു കൂട്ടുന്നതിനാൽ പലപ്പോഴും ഇതിനു കഴിയാറില്ല.
മെഷീൻ തകരാറിലായപ്പോൾ ബദൽസംവിധാനമെന്ന നിലയിൽ കാൻസർ വാർഡിലെ മെഷീൻ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിൽ 25 സ്കാനിങ്ങുകൾ മാത്രമേ നടത്താനാകൂ. അടിയന്തരസാഹചര്യത്തിൽ മാത്രമാണ് ബദൽ സംവിധാനം ഒരുക്കുന്നത്. മെഷീൻ പ്രവർത്തന സജ്ജമാകാൻ 2 മാസമെങ്കിലും വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
∙ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി മെഷീൻ നന്നാക്കണം. എച്ച്ഡിഎസ് രോഗികളിൽനിന്നു പിരിക്കുന്ന പണം കവാടനിർമാണം പോലെ ആഡംബരങ്ങൾക്കു ധൂർത്ത് അടിക്കാതെ മറ്റൊരു സ്കാനിങ് മെഷീൻ സ്ഥാപിക്കണം. മെഷീൻ കേടായത് സംബന്ധിച്ച് അന്വേഷണം വേണം. - എം.മുരളി, ഡിസിസി ജനറൽ സെക്രട്ടറി