ADVERTISEMENT

തിരുവനന്തപുരം∙ കുറഞ്ഞ പലിശനിരക്കിൽ 2 കോടി രൂപവരെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകാൻ കേരള ബാങ്കിന്റെ തീരുമാനം. കർഷകർ, കാർഷിക സംരംഭകർ എന്നിവർക്കും കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുകയാണു ലക്ഷ്യം. മൂന്നു ശതമാനം പലിശ ഇളവോടെ 6% പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകുന്നത്.

ഒരു യൂണിറ്റിനു പദ്ധതിത്തുകയുടെ 90% അല്ലെങ്കിൽ 2 കോടിരൂപ വരെ അനുവദിക്കും. കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനു വായ്പ പ്രയോജനപ്പെടുത്താം. കർഷകർക്കു ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കും. ക്ഷീരകർഷകർക്കു 2 ലക്ഷം രൂപവരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യക്കൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശനിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭിക്കും. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യവിൽപന വാഹനത്തിനും വായ്പ നൽകും. 2025-26 ൽബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്നു കാർഷിക മേഖലയ്ക്ക് ആയിരിക്കും.   കഴിഞ്ഞ സാമ്പത്തികവർഷം കാർഷികമേഖലയിൽ 99,200 പുതിയ വായ്പകളാണു നൽകിയത്.

English Summary:

Kerala Bank Offers 6% Interest Agricultural Loans Up to Rs 2 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com