ജലജീവൻ മിഷൻ പദ്ധതി; 12,000 കോടി രൂപ വായ്പ തേടി ജലഅതോറിറ്റി
Mail This Article
തിരുവനന്തപുരം∙ കഷ്ടിച്ച് അഞ്ചര മാസം കൂടി കാലാവധിയുള്ള ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിന്റെ പേരിൽ ജലഅതോറിറ്റിയെക്കൊണ്ട് 12,000 കോടി രൂപ വായ്പയെടുപ്പിക്കാൻ നീക്കം. ഇതിനായി ജലഅതോറിറ്റി മാനേജിങ് ഡയറക്ടറിൽനിന്നു സർക്കാർ ശുപാർശ തയാറാക്കി വാങ്ങി. എൽഐസി,ഹഡ്കോ,നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് 9.12% പലിശ നിരക്കിൽ 20 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ വായ്പയെടുക്കാനാണു ശുപാർശ.
ഇതിൽ 2 വർഷം മൊറട്ടോറിയവും ഉൾപ്പെടും. എന്നാൽ, കഴിഞ്ഞ 5 വർഷം കൊണ്ട് വെറും 39.04% മാത്രം പൂർത്തിയാക്കിയ പദ്ധതി,വായ്പ ലഭിച്ചാലും അടുത്ത 5 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ല. വായ്പയെടുത്താൽ മൂന്നാം വർഷം തിരിച്ചടവ് തുടങ്ങുമ്പോൾ ഓപ്പണിങ് ബാലൻസ് ആകെ 13,298 കോടി രൂപയാകും. പ്രതിമാസം 184.71 കോടി രൂപ മുതലിലേക്കുള്ള അടവും ആദ്യത്തെ മാസം 303.22 കോടി രൂപ പലിശയും ഉൾപ്പെടെ 487.83 കോടി രൂപയാണ് അടച്ചു തുടങ്ങേണ്ടത്.
വായ്പ തിരിച്ചടവിനു സംസ്ഥാന സർക്കാരിന്റെ ധനസഹായമാണു പ്രധാനമായി പ്രതീക്ഷിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിൽനിന്ന് ധനസഹായം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തിൽ വമ്പൻ തുകയുടെ വായ്പ ജലഅതോറിറ്റിയെ കടക്കെണിയിലാക്കുമെന്നു ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ ആരോപിക്കുന്നുണ്ട്.
തുല്യമായ കേന്ദ്ര–സംസ്ഥാന പങ്കാളിത്തമുള്ള ജലജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കാത്തതാണ് ഇത്ര കാലമായിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതിനു കാരണം.