ഇന്നു തുറക്കുന്നു, ഹോർത്തൂസ് പുസ്തകശാല; ഉദ്ഘാടനം വൈകിട്ട് ആറിന് ; പുസ്തകമേള നവംബർ 10 വരെ
Mail This Article
കോഴിക്കോട് ∙ മലയാളി കാത്തിരുന്ന ഹോർത്തൂസിന്റെ വേദികൾ ഇന്നുണരുന്നു. നവംബർ ഒന്നു മുതൽ മൂന്നു വരെ മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന്റെ ഭാഗമായ ‘ഹോർത്തൂസ് പുസ്തകശാല’ ഇന്നു വൈകിട്ട് ആറിന് കടപ്പുറത്ത് സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
ആദ്യ പുസ്തകപ്പൊതി എഴുത്തുകാരൻ ലിജീഷ് കുമാർ ഏറ്റുവാങ്ങും. ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് അധ്യക്ഷനാകും.
ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണു കോഴിക്കോട് കടപ്പുറത്തു തുടങ്ങുന്നത്. 6500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള പുസ്തകശാലയിൽ 7500 ടൈറ്റിലുകളിലായി മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങൾ വിൽപനയ്ക്കുണ്ടാകും.
അഞ്ചു പുസ്തകങ്ങൾ ഇന്ന് എം.മുകുന്ദൻ പ്രകാശനം ചെയ്യും. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സഹധർമിണി ശാരദ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയസഖാവ്’, സി.രാധാകൃഷ്ണന്റെ ‘മനോമയി’, കെജിഎസിന്റെ ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും’ സന റൂബിന എഴുതിയ ‘നീലച്ചിറകുള്ള മൂക്കുത്തി’, ലിജീഷ് കുമാർ എഴുതിയ ‘കണ്ടുകണ്ടു പെരുകുന്ന കടൽ’ എന്നീ പുസ്തകങ്ങളാണ് ഇന്നു വായനക്കാരിലേക്കെത്തുക.
നവംബർ 10 വരെയാണു പുസ്തകമേള. രാവിലെ 10.30 മുതൽ രാത്രി 8 വരെ പ്രവേശനമുണ്ട്. മുഴുവൻ പുസ്തകങ്ങൾക്കും 10 ശതമാനം മുതൽ വിലക്കുറവുണ്ട്. ഇംഗ്ലിഷിലെ നൂറോളം പ്രസാധകർക്കു പുറമേ മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും.