5 പേർക്ക് പുതുജീവനേകി ധീരജ് ഓർമയായി

Mail This Article
ആയൂർ (കൊല്ലം) ∙ അഞ്ചു പേർക്കു പുതുജീവൻ നൽകി കോളജ് വിദ്യാർഥി ധീരജ് ആർ.നായർ (19) യാത്രയായി. സ്കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ചടയമംഗലം അക്കോണം ജ്യോതിസ്സിൽ ധീരജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.14 നു വൈകിട്ട് 3.30 ന് എംസി റോഡിൽ ആയൂർ ഇളവക്കോട് ജംക്‌ഷനിലായിരുന്നു അപകടം. ആയൂർ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ധീരജ്.
ക്ലാസ് കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ ധീരജിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് മകന്റെ അവയവങ്ങൾ ദാനം നൽകാൻ കുടുംബം സന്നദ്ധ അറിയിച്ചത്. ധീരജിന്റെ 6 അവയവങ്ങൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 5 പേർക്കു നൽകും. 2 വൃക്കകൾ, കരൾ, ഹൃദയ വാൽവ്, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ഇന്നു ഉച്ചയ്ക്കു 1.30 ന് മൃതദേഹം ആയൂർ മാർത്തോമ്മാ കോളജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3 ന് വീട്ടുവളപ്പിൽ. പിതാവ് രാജേഷ് കെ.ബാബു വെഞ്ഞാറംമൂട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. മാതാവ്: ദീപ, സഹോദരി: സഞ്ജന.