ആശാ പ്രവർത്തകരുടെ ഓണറേറിയം: കണക്കിൽ മുന്നിൽ കേരളം; ചെലവു നോക്കുമ്പോൾ കുറവ്

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് ആശാ പ്രവർത്തകർക്കു സംസ്ഥാന സർക്കാർ നൽകുന്ന ഉയർന്ന ഓണറേറിയം (7000 രൂപ) കേരളത്തിൽ. എന്നാൽ കേരളത്തിലെ ഉയർന്ന ജീവിതച്ചെലവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഈ തുക തീരെ ചെറുത്. സിക്കിമിൽ ഓണറേറിയം 6000 രൂപയായിരുന്നത് 10,000 രൂപയാക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. തെലങ്കാനയിൽ 6750 രൂപയാണ് ഓണറേറിയം. ഹരിയാന (6100), ബംഗാൾ (5250), കർണാടക (5000) എന്നിങ്ങനെയാണ് ഓണറേറിയം നൽകുന്നത്.
എൽഡിഎഫിന് സമരമാകാം
ആശാ പ്രവർത്തകർക്ക് സംസ്ഥാന സർക്കാറിന്റെ ഓണറേറിയം 15,000 രൂപയാക്കുക, വിരമിക്കുമ്പോൾ 5 ലക്ഷം രൂപയും മാസം 5000 പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ നേരത്തേ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശാ വർക്കേഴ്സ് ഫെഡറേഷൻ തന്നെ ഉന്നയിച്ചിരുന്നതാണ്. പ്രധാനമായി ഈ ആവശ്യങ്ങളുന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനും സമരരംഗത്തുള്ളതെങ്കിലും സർക്കാരിന്റെ നിലപാടു വ്യത്യസ്തമാണ്.
ആശാ വർക്കർമാരുടെ ഓണറേറിയം 24,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലും 27,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലും സമാനമായ ആവശ്യമുന്നയിച്ച് ബംഗാളിലും കർണാടകയിലും നടത്തിയ സമരങ്ങൾ സിപിഎം ഉൾപ്പെടെയുള്ള ഇടതുസംഘടനകളുടെ പിന്തുണയോടെയായിരുന്നു. കേരളത്തിൽ ഇതേ ആവശ്യമുന്നയിച്ചുള്ള സമരത്തെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും സർക്കാരിന്റെയും നേതൃത്വത്തിലുള്ളവർ ശ്രമിക്കുന്നതെന്ന് ആശാ പ്രവർത്തകർ ആരോപിക്കുന്നു.