ജാർഖണ്ഡ് ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
Mail This Article
കൊച്ചി∙ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ജനറൽ ആശുപത്രി ഐസിയുവിലാണു കുഞ്ഞ് ഇപ്പോൾ ചികിത്സയിലുള്ളത്. കുഞ്ഞിന്റെ ഭാരം 1.25 കിലോയായി ഉയർന്നു. ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നുള്ള പാൽ കുഞ്ഞിനു നൽകുന്നുണ്ട്.
പൂർണമായും നേരിട്ടു ശ്വാസമെടുക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വസിക്കാൻ ഓക്സിജൻ നൽകുന്നുണ്ട്. കുഞ്ഞിന്റെ ചികിത്സാ കാര്യങ്ങൾ ശിശുക്ഷേമ സമിതിയും ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറും വിലയിരുത്തുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മാതാപിതാക്കളെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശികളായ ഇവർ.
മാസം തികയാതെ പിറന്ന പെൺകുഞ്ഞ് സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിലിരിക്കെ ദമ്പതികൾ ജാർഖണ്ഡിലേക്കു മടങ്ങി. ഇതു ‘മനോരമ’യിൽ വാർത്തയായതോടെ സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുകയും കുഞ്ഞിനെ ഏറ്റെടുത്തു ജനറൽ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.