നഡ്ഡയെ കണ്ടില്ല, ചർച്ചയും നടന്നില്ല; ക്യൂബൻ സംഘത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് വീണാ ജോർജ് മടങ്ങി

Mail This Article
ന്യൂഡൽഹി ∙ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്താനെത്തിയ മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ ക്യൂബൻ സംഘത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് തിരികെ മടങ്ങി. ബുധനാഴ്ച വൈകിട്ട് കത്തു നൽകിയിരുന്നതായും എന്നാൽ അനുമതി ലഭിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള വിവരം.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ വച്ച് മന്ത്രിയോട് കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ചോദിച്ചപ്പോൾ വ്യക്തതയില്ലായിരുന്നു. കേരള ഹൗസിൽ എത്തിയിട്ട് നോക്കാമെന്ന് പ്രതികരിച്ച മന്ത്രി പിന്നീടാണ് അനുമതി ലഭിച്ചില്ലെന്ന് അറിയിച്ചത്. കൂടിക്കാഴ്ച നടക്കാത്തതിനാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന ഘട്ടത്തിൽ വീണ്ടും ഡൽഹിയിലെത്തുമെന്നാണ് മന്ത്രിയുടെ വിശദീകരണം.