‘ഇന്നു രാത്രി മുതൽ കൊറോണ വിവരങ്ങൾ അയക്കരുത്’: ഇതു വ്യാജസന്ദേശം, നടപടി

Mail This Article
തിരുവനന്തപുരം ∙ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി. രാജ്യത്ത് ദുരന്ത നിവാരണ നിയമം ഇന്നു രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും സാമൂഹിക മാധ്യമങ്ങളിൽ കൊറോണ സംബന്ധിച്ച യാതൊരു വിവരങ്ങളും അയക്കരുതെന്നും ശിക്ഷാർഹമാണെന്നുമുള്ള തരത്തിൽ ഒരു നിർദേശവും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടില്ലെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും ഏർപ്പെടരുത്. ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ പ്രചാരണങ്ങൾ. ദുരന്ത നിവാരണ നിയമപ്രകാരം കൊറോണയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന എല്ലാ പൊതു ഉത്തരവുകളും ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ (sdma.kerala.gov.in) ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ്. 1077 എന്ന നമ്പറിൽ അതാതു ജില്ലകളിലെ ജില്ലാ എമർജൻസി ഓപറേഷൻ സെന്ററിലും വിവരം ലഭ്യമാണ്.
English Summary: Fake news on covid spread; state disaster management authority message