സ്പ്രിൻക്ലറിൽ യു ടേൺ; സർക്കാർ ധവളപത്രം ഇറക്കണമെന്ന് ശബരീനാഥൻ

Mail This Article
തിരുവനന്തപുരം∙ വിവാദമായ സ്പ്രിൻക്ലർ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ 3 പ്രധാന ചോദ്യങ്ങളുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ. പ്രതിപക്ഷം ശക്തമായ ഇടപെട്ടില്ലായിരുന്നെങ്കിൽ ഡേറ്റാ കച്ചവടം നടക്കുമായിരുന്നെന്നും സ്പ്രിൻക്ലർ സേവനങ്ങളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ശബരീനാഥ് ഉന്നയിക്കുന്ന 3 ചോദ്യങ്ങൾ:
∙ ഹൈക്കോടതിയിൽ സർക്കാർ വാദിച്ചതുപോലെ സ്പ്രിൻക്ലർ ഇല്ലാതെ രോഗം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പ്രതിദിനം 5000 രോഗികൾ കടക്കുമ്പോൾ സ്പ്രിൻക്ലർ സേവനങ്ങൾ അനിവാര്യമല്ലേ? മറിച്ച് ഈ കാലയളവിൽ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെന്തിനു കോടതിയിൽ ‘സ്പ്രിൻക്ലർ ഉയിർ’എന്നു സർക്കാർ വാദിച്ചു?
∙ നാളിതുവരെ എന്തു വിദഗ്ധ സേവനമാണ് കേരളത്തിനുവേണ്ടി സ്പ്രിൻക്ലർ നടത്തിയിട്ടുള്ളത്? ആരോഗ്യവകുപ്പ് താഴെ തട്ടിൽ ശേഖരിക്കുന്ന ഡേറ്റ സിഡിറ്റ് തനതായി വികസിപ്പിച്ച സംവിധാനത്തിലൂടെയല്ലേ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്?
∙ ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള ഒരു റിവ്യൂ മീറ്റിങ് ആരോഗ്യ വകുപ്പുമായിട്ടോ ത്രിതല പഞ്ചായത്ത് വകുപ്പുമായിട്ടോ സ്പ്രിൻക്ലർ നടത്തിയിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അറിവ്. ആരോഗ്യ വകുപ്പ് അറിയാതെ എന്ത് കോവിഡ് പ്രതിരോധമാണ് ഇവർ നടത്തിയത്?
English Summary: K S Sabarinathan MLA Sprinkler Contract