സ്പ്രിൻക്ലറിൽ പലരും സംസാരിക്കുന്നത് പ്രാഥമിക ധാരണയില്ലാതെ: വിഷ്ണുനാഥ്

Mail This Article
കോട്ടയം ∙ സാധാരണ പൗരന്റെ ആരോഗ്യവിവരം അനുവാദമില്ലാതെ വിദേശ കമ്പനിക്ക് സർക്കാർ കൈമാറിയതാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയാണു പലരും ഇപ്പോഴും സ്പ്രിൻക്ലർ ഇടപാടിനെ സമീപിക്കുന്നതെന്നു കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്. ഗുരുതരമായ അവകാശലംഘനങ്ങൾ പോലും സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ മനസ്സിലാക്കാതെയാണ് പ്രതികരണം നടത്തുന്നത്.
കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും ആരോഗ്യഡേറ്റ, ആരോഗ്യ പ്രവർത്തകർ ശേഖരിക്കേണ്ട ഉത്തരവാദിത്തം സ്പ്രിൻക്ലർ എന്ന യുഎസ് കമ്പനിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത് മുതൽ നിയമലംഘനങ്ങളുടെ പരമ്പരയാണ്. ഏപ്രിൽ 10ന് പ്രതിപക്ഷ നേതാവ് ഈ ആരോപണം പുറത്തു പറയുന്നതുവരെ ഇങ്ങനൊരു വിവരമേ ആർക്കും അറിയില്ലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താപരിപാടിയിൽ പോലും പ്രധാനപ്പെട്ട ഈ വിവരം പങ്കുവയ്ക്കപ്പെട്ടില്ല.
കരാറിന്റെ നിയമവിരുദ്ധത പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. പുട്ടസ്വാമിക്കേസിലെ സുപ്രീംകോടതി വിധി പ്രകാരം, സ്വകാര്യത മൗലികാവകാശങ്ങളിൽപ്പെടുന്നു. ഒരു പൗരന്റെ അനുവാദമില്ലാതെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് നൽകുന്നത് ഈ അവകാശത്തിന്റെ ലംഘനമാണ്. കൈമാറ്റത്തിനായുള്ള വിവരശേഖരണത്തിന് മുൻപ് ‘ഇൻഫോംഡ് കൺസെന്റ്’ ജനങ്ങളോട് വാങ്ങിച്ചിട്ടില്ല. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയ്ക്കെതിരെ മുൻകരുതലുമെടുത്തില്ല.
പ്രതിപക്ഷം പങ്കുവച്ച പ്രധാന ആശങ്കകളെയെല്ലാം കോടതി മുഖവിലയ്ക്കെടുത്തു. വിവരശേഖരണത്തിന് മുൻപ് ‘ഇൻഫോംഡ് കൺസന്റ്’ വാങ്ങണമെന്ന് നിഷ്കർഷിച്ചു. വിവരങ്ങൾ സ്പ്രിൻക്ലറിനു കൈമാറും മുൻപ് ‘അനോണിമൈസ്’ ചെയ്യണം. സ്പ്രിൻക്ലർ കൈവശം വയ്ക്കുന്ന സെക്കന്ററി ഡേറ്റ ഡിലീറ്റ് ചെയ്തുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. സർക്കാരിന്റെ വാദത്തിലെ പൊള്ളത്തരങ്ങൾ പിന്നീട് തെളിഞ്ഞു. കോടതി മുഖവിലയ്ക്കെടുത്ത സർക്കാരിന്റെ വാദം വലിയ നുണയായിരുന്നു.
രണ്ടംഗ സമിതിയുടെ കണ്ടെത്തലുകൾ പ്രതിപക്ഷം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നു. റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറാവണം. എന്തായിരുന്നു അടിയന്തരമായി സ്പ്രിൻക്ലർ ഉപയോഗിക്കേണ്ട ആവശ്യം, എത്ര ഗുണകരമായ ഫലം അതു നൽകി, ഇപ്പോൾ എന്ത് ബദൽ മാർഗമാണു കണ്ടെത്തിയത് തുടങ്ങിയവ ജനങ്ങളോടു വിശദീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.– വിഷ്ണുനാഥ് പറഞ്ഞു.
English Summary: PC Vishnunath slams Kerala government on Sprinklr issue