ADVERTISEMENT

ന്യൂഡൽഹി∙ ഓക്സ്ഫഡ് കൊറോണ വൈറസ് വാക്സീൻ സുരക്ഷിതവും പ്രതിരോധശക്തി നല്‍കുന്നതുമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡ് വാക്സീൻ ഡോസ് എടുത്തതിനു പിന്നാലെ തനിക്കു നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച് ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകൻ രംഗത്തെത്തിയിരുന്നു. ഇയാൾക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുകയും ചെയ്തിരുന്നു.

കമ്പനിയുടെ സൽപ്പേര് സംരക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ചെന്നൈ സ്വദേശിക്കെതിരെ ലീഗൽ നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചതെന്ന് അഡർ പൂനവാല നേതൃത്വം നൽകുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു. വൊളന്റിയറുടെ ആരോപണങ്ങൾ വിദ്വേഷകരവും തെറ്റിദ്ധാരണജനകവുമാണെന്ന് കമ്പനി പറയുന്നു.

‘കോവിഷീൽഡ് വാക്സീൻ സുരക്ഷിതവും ഇമ്യൂണോജെനിക്കുമാണ്. ചെന്നൈയിലെ സന്നദ്ധപ്രവർത്തകന്റേത് നിർഭാഗ്യകരമായ അവസ്ഥയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയോട് അനുഭാവം പുലർത്തുന്നു’ – സീറം ഇൻസ്റ്റിറ്റ്യൂട്ട് ‘ഗുരുതരമായ പ്രതികൂല സംഭവം’ എന്ന വിശദീകരിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

മൂന്നാം ഘട്ടത്തിൽ ഓക്സ്ഫഡ് വാക്സീന്റെ ഡോസ് സ്വീകരിച്ച തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നാണ് നാൽപതുകാരനായ ചെന്നൈ സ്വദേശി ആരോപിച്ചത്. തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വാക്‌സീന്റെ നിര്‍മാണവും പരീക്ഷണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് ചെന്നൈ സ്വദേശി ലീഗല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഷ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് ഇദ്ദേഹം കോവിഷീല്‍ഡിന്റെ ഷോട്ട് സ്വീകരിച്ചതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവംബര്‍ 21ന് സമര്‍പ്പിച്ച ലീഗല്‍ നോട്ടിസ് പ്രകാരം വാക്‌സീന്‍ സ്വീകരിച്ചു പത്തു ദിവസത്തിനുള്ളില്‍ കടുത്ത തലവേദന ആരംഭിച്ചുവെന്നും പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു. ശബ്ദത്തോടും വെളിച്ചത്തോടും അസ്വസ്ഥതയുണ്ടായെന്നും ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.

സന്നദ്ധ പ്രവര്‍ത്തകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വാക്‌സീന്‍ എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ഡിജിസിഐ) ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ എത്തിക്‌സ് കമ്മിറ്റിയും പരിശോധിക്കുകയാണ്. എന്നാൽ ഇയാൾ വാക്സീൻ ഉപയോഗിച്ചിരുന്നില്ലെന്നും ആരോപണം വ്യാജമാണെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.

English Summary: Serum Institute Says "Incident With Volunteer No Way Induced By Vaccine"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com