കൂവിൽ അക്കൗണ്ട് തുറന്ന് ജാവഡേക്കർ; ട്വിറ്ററിനെതിരെ ഇന്ത്യയുടെ സ്വന്തം ആപ്
Mail This Article
ന്യൂഡൽഹി ∙ ട്വിറ്ററിനു പകരമായി ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം എന്ന വിശേഷണത്തോടെ എത്തിയ ‘കൂ’വിൽ അക്കൗണ്ട് തുറന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും. നിരവധി മന്ത്രിമാർ നേരത്തെതന്നെ കൂവിൽ എത്തിയിരുന്നു. കൂ പ്രവേശം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണു ജാവഡേക്കർ അറിയിച്ചത്.
10 മാസം മുൻപു തുടങ്ങിയെങ്കിലും ഏതാനും ആഴ്ചകളായി ഉപയോക്താക്കളുടെ എണ്ണത്തിൽ കൂവിൽ കുതിച്ചുചാട്ടമാണ്. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നു ട്വിറ്ററുമായി കേന്ദ്രം തർക്കത്തിലാണ്. ഇതിനു പിന്നാലെ കേന്ദ്രമന്ത്രിമാരും സർക്കാർ വകുപ്പുകളും തദ്ദേശീയ പ്ലാറ്റ്‌ഫോമിനെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും ഇവിടെ അക്കൗണ്ട് തുടങ്ങിയിരുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ടു പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ച അക്കൗണ്ടുകൾ നീക്കണമെന്ന ഉത്തരവ് ട്വിറ്റർ പാലിക്കാത്തതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ തുടർച്ചയായാണു കൂ ഉപയോഗത്തെ കാണുന്നത്. സർക്കാരിന്റെ പിന്തുണയ്ക്കു പിന്നാലെ ഇന്ത്യക്കാർ കൂട്ടത്തോടെ പുതിയ പ്ലാറ്റ്ഫോമിലേക്ക് ചേക്കേറുകയാണ്. കൂവിനു മൂന്ന് ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നു സഹസ്ഥാപകൻ മായങ്ക് പറഞ്ഞു. ട്വിറ്ററിന്റെ നീലപ്പക്ഷി പോലെ കൂവിന്റെ ലോഗോയിൽ മഞ്ഞപ്പക്ഷിയാണുള്ളത്.
English Summary: Prakash Javadekar joins indigenous Twitter replica Koo