ഒട്ടകം രാജേഷിനെ പിടിച്ചത് കൊല്ലത്തു നിന്ന്; അറസ്റ്റ് പളനിയില്നിന്ന് മടങ്ങും വഴി

Mail This Article
തിരുവനന്തപുരം∙ പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതിയും ഗുണ്ടാത്തലവനുമായ ഒട്ടകം രാജേഷിനെ പൊലീസ് പിടികൂടിയത് കൊല്ലത്തു നിന്ന്. പൊലീസിന്റെ പിടിയിൽ പെടാതെ കോടതിയിൽ കീഴടങ്ങാൻ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരികെ വരുമ്പോഴാണ് കൊല്ലം ബസ് സ്റ്റാൻഡിൽ വച്ച് പിടിയിലായത്. രാജേഷിനു വേണ്ടിയുള്ള തിരച്ചിലിനിടെ വള്ളം മറിഞ്ഞ് സിവിൽ പൊലീസ് ഓഫിസ൪ ബാലു മരിച്ചതോടെ പൊലീസ് പ്രതിക്കു വേണ്ടി കൂടുതൽ പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു.
പട്ടാപ്പകൽ വീടിനുള്ളിൽവച്ച് ഗുണ്ടാപ്പകയുടെ പേരിൽ ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) കൊലപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കുകയാണെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. രാജേഷ് അറസ്റ്റിലായതോടെ കേസിലെ പതിനൊന്നു പ്രതികളും പിടിയിലായി.
ദാരുണമായ കൊലപാതകം നടന്ന് പത്തുദിവസത്തിനുള്ളിലാണ് എല്ലാം പ്രതികളും പിടിക്കപ്പെട്ടത്. കഴിഞ്ഞദിവസം ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല സ്നേഹപുരം എസ്എസ് ഭവനിൽ സുധീഷ് ഉണ്ണി, മൂന്നാം പ്രതി ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട്ടിൽ മുട്ടായി ശ്യാംകുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
English Summary: Absconding accused Ottakam Rajesh arrested in Pothencode murder case