എച്ച്എൽഎൽ സ്വകാര്യവല്‍ക്കരണം: ലേലത്തിൽ പങ്കെടുക്കാൻ കേരളത്തിന് അനുമതിയില്ല

Mail This Article
ന്യൂഡൽഹി∙ എച്ച്എൽഎൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) സ്വകാര്യ വല്‍ക്കരണത്തില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാരിന് അനുമതിയില്ല. സംസ്ഥാന സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനത്തിനോ പങ്കെടുക്കാനാവില്ല.
ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എൽഎൽ. ഇതിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടക്കം മുതൽ തന്നെ കേരളം എതിർത്തിരുന്നു. എച്ച്എൽഎൽ ഓഹരികൾ ലേലത്തിൽ വയ്ക്കുകയാണെങ്കിൽ ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. ആ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് ചീഫ് സെക്രട്ടറിക്കാണ് മറുപടി ലഭിച്ചത്.
പൊതുമേഖ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചാൽ മറ്റ് സർക്കാരുകൾക്കോ സർക്കാർ പങ്കാളിത്തമുള്ള സഹകരണ സ്ഥാപനങ്ങൾക്കോ പൊതുമേഖല സ്ഥാപനങ്ങൾക്കോ ഇതിന്റെ ലേലനടപടികളിൽ പങ്കെടുക്കാൻ സാധിക്കുകയില്ലെന്നതാണ് കേന്ദ്രനയം. അതുകൊണ്ട് കേരളത്തിന്റെ ഈ അഭ്യർഥന അംഗീകരിക്കാൻ സാധിക്കുകയില്ലെന്നാണ് കേന്ദ്രം കത്തിൽ പറയുന്നത്.
പക്ഷേ ആ നയം പരിശോധിച്ചാൽ കേന്ദ്രസർക്കാരിനോ കേന്ദ്രസർക്കാർ പങ്കാളിത്തമുള്ള സഹകരണ സ്ഥാപനങ്ങൾക്കോ എന്നാണ് പറയുന്നത്. പക്ഷേ എന്തുകൊണ്ട് ഇതേ നയം സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണെന്ന വ്യാഖ്യാനം കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിൽ നിന്നുണ്ടായി എന്നതിൽ വ്യവസായ വകുപ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Content highlights: HLL Privatisation bid