അവഹേളിച്ചു, ദേഹോപദ്രവം ചെയ്തു: പൊലീസിനെതിരെ ഷാഫിയുടെ പരാതി

Mail This Article
കൊച്ചി ∙ കളമശേരിയിൽ പൊലീസ് അവഹേളിച്ചെന്നും ദേഹോപദ്രവം ചെയ്തെന്നും ഷാഫി പറമ്പിൽ എംഎല്‍എ. കളമശേരി പൊലീസിനെതിരെ നടപടി വേണമെന്നു സ്പീക്കര്‍ക്കു പരാതി നല്‍കി. സിഐ സന്തോഷ്കുമാർ, എഎസ്ഐ സുരേഷ് കുമാർ എന്നിവര്‍ക്കെതിരെയാണു പരാതി. ജനപ്രതിനിധികളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാണ് ആവശ്യം.
സമരങ്ങൾ അടിച്ചമർത്തുന്ന സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കളമശേരിയിൽ നടത്തിയ മാർച്ചിനുനേരെ ലാത്തിചാർജുണ്ടായി. 8 പ്രവർത്തകർക്കും 4 പൊലീസുകാർക്കും പരുക്കേറ്റു. അറസ്റ്റിലായ പ്രവർത്തകരെ കാണാനെത്തിയ ഷാഫിയെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ചു കോൺഗ്രസ് നേതാക്കൾ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Read Also: ഭൂകമ്പം ജീവനെടുത്ത അമ്മയുടെ ഓർമയ്ക്ക്...; ഒടുവിൽ 'ആയ'യ്ക്ക് കുടുംബത്തിന്റെ തണൽ
കളമശേരി സ്റ്റേഷനിലേക്കുള്ള മാർച്ച് പ്രകോപനപരമായതോടെ ആദ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി. ഓടി മാറാൻ ശ്രമിച്ചവരെയും വിട്ടില്ല. ഷാഫിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നു നിയമസഭാ സ്പീക്കറും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും ഉറപ്പു നൽകിയതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.
English Summary: Shafi Parambil MLA complaint against Kalamassery police