ADVERTISEMENT

കൊച്ചി∙ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകും. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. വൈകുന്നേരം സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്കാരം ചൊവ്വാ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (‘മഴവിൽക്കാവടി’) നിർമാതാവെന്ന നിലയിൽ 1981ലും (‘വിട പറയും മുൻപേ’), 1982ലും (‘ഓർമയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി.

‘സന്ദേശം’ എന്ന ചിത്രത്തിൽ ഇന്നസന്റ്, ജയറാം, തിലകൻ, ജെയിംസ്, മാമുക്കോയ എന്നിവർ.
‘സന്ദേശം’ എന്ന ചിത്രത്തിൽ ഇന്നസന്റ്, ജയറാം, തിലകൻ, ജെയിംസ്, മാമുക്കോയ എന്നിവർ.
innocent-family
ഇന്നസന്റും കുടുംബവും. – ഫയൽചിത്രം.

ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്. മരുമകൾ രശ്മി. പേരക്കുട്ടികൾ: ഇന്നസന്റ് ജൂനിയർ, അന്ന.

‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിൽ ഇന്നസന്റ്, ശങ്കരാടി, മാമുക്കോയ, ശ്രീനിവാസൻ എന്നിവർ.
‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിൽ ഇന്നസന്റ്, ശങ്കരാടി, മാമുക്കോയ, ശ്രീനിവാസൻ എന്നിവർ.

∙ അരനൂറ്റാണ്ടു പിന്നിട്ട ചലച്ചിത്ര ജീവിതം

1972 സെപ്റ്റംബർ ഒൻപതിനു എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. 750 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇതിൽ ‘മഴവിൽക്കാവടി’, ‘കിലുക്കം’, ‘റാംജിറാവു സ്പീക്കിങ്’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’ , ‘കാബൂളിവാല’ ‘രാവണപ്രഭു’, ‘മാന്നാർ മത്തായി സ്പീക്കിങ്’, ‘ഹിറ്റ്ലർ’, ‘മനസ്സിനക്കരെ’, ‘ചന്ദ്രലേഖ’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘ദേവാസുരം’, ‘ഡോ.പശുപതി’, ‘പിൻഗാമി’, ‘ഡോലി സജാകെ രഖ്‌ന’, ‘മലാമൽ വീക്കിലി’(രണ്ടും ഹിന്ദി) , ‘ശിക്കാരി’(കന്നട) ‘ലേസാലേസ’ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.

‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിൽ ഇന്നസന്റ്, മോഹൻലാൽ, കുതിരവട്ടം പപ്പു എന്നിവർ.
‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിൽ ഇന്നസന്റ്, മോഹൻലാൽ, കുതിരവട്ടം പപ്പു എന്നിവർ.

അഭിനയത്തിനൊപ്പം അദ്ദേഹം നിർമാതാവിന്റെയും വേഷമണിഞ്ഞു. ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ്’ എന്ന ചലച്ചിത്ര നിർമാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ‘ഇളക്കങ്ങൾ’, ‘വിടപറയും മുൻപേ’ , ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ,‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. മലയാളത്തിലെ പ്രമുഖരായ മിക്ക സംവിധായകരുടെയും ചിത്രങ്ങളിൽ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്’ ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറി.

ഇന്നസന്റ് ഭാര്യ ആലീസിനൊപ്പം.
ഭാര്യ ആലീസിനൊപ്പം ഇന്നസന്റ് (ഫയൽ ചിത്രം)
‘വരവേൽപ്പ്’എന്ന ചിത്രത്തിൽ ഇന്നസന്റ്, ജഗദീഷ്, മോഹൻലാൽ, മാമുക്കോയ, ബോബി കൊട്ടാരക്കര എന്നിവർ.
‘വരവേൽപ്പ്’എന്ന ചിത്രത്തിൽ ഇന്നസന്റ്, ജഗദീഷ്, മോഹൻലാൽ, മാമുക്കോയ, ബോബി കൊട്ടാരക്കര എന്നിവർ.

തൃശൂർ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയ മികവും ശരീരഭാഷയിലെ സവിശേഷതകളുമാണ് ഇന്നസന്റിനു പ്രേക്ഷകമനസ്സുകളിൽ ഇടംനേടിക്കൊടുത്തത്. ‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി, ‘കാബൂളിവാല’യിലെ കന്നാസ്, ‘കിലുക്ക’ത്തിലെ കിട്ടുണ്ണി, ‘ദേവാസുര’ത്തിലെ വാര്യർ, ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇന്നസന്റിലൂടെ അവിസ്മരണീയരായി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല ചില ചലച്ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങി. ചില ചിത്രങ്ങളിലൂടെ അദ്ദേഹം പിന്നണി ഗായകനുമായി – ‘ആനച്ചന്തം ഗണപതി മേളച്ചന്തം...’ (ഗജകേസരിയോഗം – 1990), ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു...’ (സാന്ദ്രം – 1990), ‘കുണുക്കു പെൺമണിയെ...’ (മിസ്റ്റർ ബട്‌ലർ – 2000), ‘സുന്ദരകേരളം നമ്മൾക്കു തന്നത്...’ (ഡോക്ടർ ഇന്നസന്റാണ് – 2012).

‘കാബൂളിവാല’എന്ന ചിത്രത്തിൽ ജഗതിയും ഇന്നസന്റും.
‘കാബൂളിവാല’എന്ന ചിത്രത്തിൽ ജഗതിയും ഇന്നസന്റും.

കാൻസറിന്റെ പിടിയിൽ അമർന്നിട്ടും മനസ്സുതകരാതെ ഇന്നസന്റ് വീണ്ടും അഭിനയിച്ചു. കാൻസർ പിടിമുറുക്കിയ 2020ൽ ഒഴികെ എല്ലാ വർഷവും അദ്ദേഹം വിവിധ ചലച്ചിത്രങ്ങളിൽ സജീവമായി.

∙ ജീവിതത്തിൽ പലപല വേഷം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 മാർച്ച് നാലിനാണ് ഇന്നസന്റിന്റെ ജനനം. ലിറ്റിൽഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികളിൽ ഏർപ്പെട്ടു. അതിനിടെ നാടകങ്ങളിലും അഭിനയിച്ചു.

lottery-innocent
‘കിലുക്കം’ എന്ന ചിത്രത്തിൽ ഇന്നസന്റ്.

ആർ‌എസ്പി തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലർ പദവി മുതൽ പാർലമെന്റ് അംഗമെന്ന നിലയിൽ വരെ നീണ്ട രാഷ്ട്രീയ ജീവിതവും അദ്ദേഹം സ്വന്തമാക്കി. ഇരിങ്ങാലക്കുടയെ ഏറെ സ്നേഹിച്ച ഇന്നസന്റിന്റെ കഥകളിലും സംസാരങ്ങളിലും എന്നും ആ നാടും നാട്ടുകാരും നിറഞ്ഞു നിന്നു. എത്ര ഉയരത്തിൽ എത്തിയാലും ഇരിങ്ങാലക്കുടയിൽ തന്നെ ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണെന്ന് അദ്ദേഹം പലതവണ പറഞ്ഞു.

‘ഫാന്റം’എന്ന ചിത്രത്തിൽ ഇന്നസന്റും മമ്മൂട്ടിയും.
‘ഫാന്റം’എന്ന ചിത്രത്തിൽ ഇന്നസന്റും മമ്മൂട്ടിയും.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ചാലക്കുടിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് കാൻസർ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേർക്കു പ്രചോദനവുമായി. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലും സജീവമായി. ‘ചിരിക്കു പിന്നിൽ’ (ആത്മകഥ), ‘മഴക്കണ്ണാടി’, ‘ഞാൻ ഇന്നസന്റ്’, ‘കാൻസർ വാർഡിലെ ചിരി’, ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’, ‘ദൈവത്തെ ശല്യപ്പെടുത്തരുത്’, ‘കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി’ എന്നീ പുസ്തകങ്ങൾ എഴുതി.

innocent-speech
ഇരിങ്ങാലക്കുടയിലെ ഒരു പൊതുയോഗത്തിൽ ഇന്നസന്റ് പ്രസംഗിക്കുന്നു. – ഫയൽ ചിത്രം.

∙ ചിരിമരുന്നിൽ മൂടി കാൻസറിനെയും

വലിയൊരു ചിരിയായിരുന്നു ഇന്നസന്റിന് ജീവിതം. ചിരിയുടെ മേലാപ്പണിഞ്ഞു വരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്കു ചിന്തയുടെ അകമ്പടിയുമുണ്ടായിരുന്നു. പിറന്നു വീണ തന്നെ കണ്ടപ്പോൾ ‘ചെക്കന്റെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ടല്ലോ’ എന്നു സംശയം തോന്നിയ അപ്പൻ തന്നെ രക്ഷപെടുത്താൻ ഇട്ട പേരാണ് ഇന്നസന്റ് എന്നു വിവരിച്ചു സ്വന്തം പേരിനെ വരെ സഹൃദയനായ അദ്ദേഹം പരിഹസിച്ചു. എന്നെങ്കിലും ഏതെങ്കിലും കുറ്റത്തിനു മകൻ പൊലീസ് പിടിയിലാകുമ്പോൾ ജഡ്ജിയുടെ ‘ഇസ് ഹി ഇന്നസന്റ്?’ എന്ന ചോദ്യത്തിന് എതിർഭാഗം വക്കീലും ‘സർ, ഹി ഇസ് ഇന്നസന്റ്’ എന്നു പറയുമെന്നും അതോടെ കേസു തള്ളിപ്പോകുമെന്ന അഭിപ്രായമായിരുന്നു ഇതിൽ ഇന്നസന്റിന്റേത്.

‘മാന്നാർ മത്തായി സ്പീക്കിങ് 2’എന്ന ചിത്രത്തിൽ ഇന്നസന്റ്, മുകേഷ്, സായികുമാർ.
‘മാന്നാർ മത്തായി സ്പീക്കിങ് 2’എന്ന ചിത്രത്തിൽ ഇന്നസന്റ്, മുകേഷ്, സായികുമാർ.

കടുത്ത ജീവിതഘട്ടങ്ങളെപോലും അദ്ദേഹം നർമത്തിന്റെ കണ്ണിൽ കണ്ടു. തീവ്രമായ വേദനയുളവാക്കുന്ന സന്ദർഭങ്ങൾ വരെ ചിരിയുണർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന ശൈലി രോഗാവസ്ഥയിലും അദ്ദേഹം പ്രകടമാക്കി. ‘‘ഇത് ഞാൻ അമ്പലത്തീന്നോ അരമനേന്നോ മോഷ്ടിച്ചതൊന്നുമല്ല, എല്ലാവർക്കും വരണപോലെ വന്നതല്ലേ’’ – രോഗത്തിന്റെ കാഠിന്യനാളുകളിൽ അദ്ദേഹം ആശ്വസിച്ചതിങ്ങനെ.

‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിൽ ഇന്നസന്റും കെപിഎസി ലളിതയും.
‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിൽ ഇന്നസന്റും കെപിഎസി ലളിതയും.

ഇൻജക്‌‌ഷനെടുക്കുന്ന ഡോക്ടറോട് ‘‘നിങ്ങള് ക്രിസ്ത്യാനി തന്നെ അല്ലേ?, കരുണ, കരുണ എന്ന് കർത്താവു പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ലാ?’’ എന്നു ചോദിക്കാൻ ഇന്നസന്റിനേ കഴിയൂ. ‘‘ധൈര്യം ഉള്ളവനേ തമാശ പറയാനും കഴിയൂ’’ എന്ന് അഭിപ്രായപ്പെട്ട ഇന്നസന്റ് തന്റെ രോഗാവസ്ഥയിൽ ആ സ്വഭാവഗുണം മുഴുവൻ പുറത്തെടുത്തു. ‘‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ. അസുഖത്തെ ഒരു സുഹൃത്തായി കാണാനാണ് എനിക്കിഷ്‌ടം.’’ ഇതായിരുന്നു നിലപാട്. കാൻസറിനു ശേഷമുള്ള ജീവിതത്തെ ‘ബോണസ് ജീവിതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നതും.

‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഇന്നസന്റും.
‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഇന്നസന്റും.
innocent-1
ഇന്നസന്റ് എംപി ‍ഡൽഹിയിൽ.
ഇന്നസന്റ് തമിഴ് ചലച്ചിത്ര താരം ധനുഷിനൊപ്പം. ചിത്രം: ജോസുകുട്ടി പനയ്ക്കൽ ∙ മനോരമ
ഇന്നസന്റ് തമിഴ് ചലച്ചിത്ര താരം ധനുഷിനൊപ്പം. ചിത്രം: ജോസുകുട്ടി പനയ്ക്കൽ ∙ മനോരമ

English Summary: Popular Malayalam Actor Innocent Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com