‘ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറി’, ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുന്നെന്ന് മുനീർ

Mail This Article
കോഴിക്കോട്∙ പലസ്തീനിൽ നടക്കുന്നതു വംശീയ ഉന്മൂലനമെന്ന് എം.കെ.മുനീർ. യഥാർഥ മനുഷ്യർ തെരുവിലാണെന്നും ഓരോ രാജ്യങ്ങളിലും വലിയ റാലി സംഘടിപ്പിച്ചു അവർ പ്രതിഷേധം അറിയിക്കുകയാണെന്നും മുനീർ പറഞ്ഞു. മുസ്‍ലിം ലീഗ് കോഴിക്കോടു കടപ്പുറത്ത് ഇന്നു നടത്തുന്ന മഹാറാലിയിൽ ലക്ഷങ്ങൾ അണിനിരക്കും. ഇതൊരു ആഹ്ലാദ പ്രകടനമല്ല, തിരഞ്ഞെടുപ്പ് റാലിയല്ല, മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ വലിയ കരച്ചിലാണെന്നും മുനീർ പറഞ്ഞു.
‘‘പലസ്തീനിൽ വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും. എന്നിട്ടും ലോകമനസാക്ഷി ഉണർന്നിട്ടില്ല. ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുകയാണ്. ഇസ്രയേൽ അതിന്റെ ധിക്കാരം തുടരുകയാണ്. പലസ്തീനെ തുടച്ചുമാറ്റുമെന്ന രീതിയിലാണു ഇസ്രയേൽ മുന്നോട്ടു പോവുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണു അമേരിക്കയടക്കം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചൈന പോലും പറയുന്നത് ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ്. ഇതിനെ പ്രതിരോധമെന്നാണോ വിളിക്കുക’’–മുനീർ ചോദിച്ചു.
‘‘ഓരോ 24 മണിക്കൂറിലും എഴുന്നൂറും എണ്ണൂറും ആളുകൾ പലസ്തീനിൽ മരിച്ചുവീഴുന്നു. അവിടെ പട്ടണിയാണ്. വെള്ളമില്ല, വെളിച്ചമില്ല, മരുന്നില്ല, ഇന്ധനമില്ല. ഇരുട്ടു കട്ടപിടിക്കുന്നതോടെ വീണ്ടും ബോംബുകൾ വർഷിക്കപ്പെടുന്നു. മരിച്ചുവീഴുന്ന കുട്ടികളെ മാത്രം അടക്കം ചെയ്യുന്ന ശ്മശാനങ്ങൾ ഗാസയിൽ വിപുലീകരിക്കപ്പെടുകയാണ്. ഇതൊന്നും കണ്ടു കണ്ണടച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണു മനുഷ്യത്വമുള്ളവർ. ഭക്ഷണം ഇല്ലാതെ, വെള്ളം ഇല്ലാതെ കൂട്ടമരണങ്ങൾ നടക്കുന്ന ദിവസങ്ങളായിരിക്കും ഇനിയുള്ളത്. ഇസ്രയേൽ യഥാർഥ തെമ്മാടി രാഷ്ട്രമായി മാറിയിരിക്കുകയാണ്’’–മുനീർ പറഞ്ഞു.