സിംബാബ്വേയിൽ സ്വർണ ഖനി ഇടിഞ്ഞു: 11 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
Mail This Article
ഹരാരെ ∙ സിംബാബ്‌വേയിലെ റെഡ്‌വിങ് സ്വർണ ഖനി ഇടിഞ്ഞതിനേത്തുടർന്ന്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തലസ്ഥാനമായ ഹരാരെയിൽനിന്ന് 270 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ഖനിയാണിത്. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിന്റെ കാരണം ഭൂചലമാണെന്ന് പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകരെ നിയോഗിച്ചതായി ഖനിയുടെ നിയന്ത്രണമുള്ള മെറ്റലോൻ കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു. രക്ഷാപ്രവർത്തകർ ഇതിനോടകം പല ശ്രമങ്ങളും നടത്തി. എന്നാൽ ഭൂചലനത്തേത്തുടർന്ന് മണ്ണിന്റെ ദൃഢത നഷ്ടമായെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം സിംബാബ്‌വേയില്‍ സമീപകാലത്തായി നിരവധി ഖനി അപകടങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. തൊഴിൽരഹിതരായ പല ചെറുപ്പക്കാരും അനധികൃതമായി പ്രവർത്തിക്കുന്ന സ്വർണ ഖനികളിൽ ജോലി ചെയ്യുന്നുണ്ട്. മിക്കയിടത്തും വലിയ സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. സെപ്റ്റംബറിൽ ചെഗുടുവിലുള്ള ബേ ഹോഴ്സ് ഖനി ഇടിഞ്ഞ് 9 പേർ മരിച്ചിരുന്നു.