തലമുറ മാറ്റമില്ലാത്ത ലോക്‌സഭ; ‘യുവരാജ്യം’ ഭരിക്കുന്നത് പഴമക്കാർ, കണക്കുകൾ അത്ര ചെറുപ്പമല്ല...
Mail This Article
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ യുവജനപ്രാതിനിധ്യം പോരെന്നാണ് ആക്ഷേപം. ഇതിനോടൊപ്പം, നിലവിലെ ലോക്‌സഭയിൽ യുവാക്കൾ എത്രയെന്നു ചോദിച്ചാൽ ഉത്തരം 13.5 ശതമാനം എന്നാണ്. അതായത്, 543 എംപിമാരിൽ നൂറു പേർ പോലും യുവാക്കളില്ല. 1.5 ശതമാനം എംപിമാർ മാത്രമാണ് 25–30 വയസ്സിനിടയിൽ ഉള്ളവർ. 25–40 വയസ്സിനിടയിൽ പ്രായമുള്ള എംപിമാരാകട്ടെ വെറും 12 ശതമാനവും. പരമാവധി എംപിമാർ (16 ശതമാനം) 51-55 പ്രായത്തിലുള്ളവരാണ്. ചുരുക്കത്തിൽ, സിറ്റിങ് സീറ്റുകൾ അടക്കിപ്പിടിച്ചു വച്ചും പുതിയ മുഖങ്ങളെ അവതരിപ്പിക്കാതെയും മുതിർന്ന എംപിമാരുടെ എണ്ണം രാജ്യത്ത് കൂടുകയാണ്. പരിചയസമ്പന്നരുടെ നിരയെന്ന് രാഷ്ട്രീയപ്പാർട്ടികൾക്ക് ഭംഗിവാക്ക് പറയാമെങ്കിലും അതാണോ വേണ്ടത്? പാർലമെന്റിൽ യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നുവെന്നു മാത്രമല്ല, കഴിഞ്ഞ 20 വർഷത്തിനിടെ എംപിമാരുടെ ശരാശരി പ്രായവും ഉയർന്നിട്ടുണ്ട്.
യുവാക്കളെ തഴയാൻ പാർട്ടികളുടെ മത്സരം
1999 ൽ പതിമൂന്നാം ലോക്സഭയിൽ എംപിമാരുടെ ശരാശരി പ്രായം 52 വയസ്സായിരുന്നു. 2004ലും ഇത് ഏറെക്കുറെ സമാനമായിരുന്നു. 2009ൽ ലോക്‌സഭാംഗങ്ങളുടെ ശരാശരി പ്രായം 54 ആയി. 2014 ൽ അത് 59 ൽ എത്തി. 2019 ൽ ഇത് 55 ആയി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിക്ക പാർട്ടികളും വളരെ കുറച്ചു യുവാക്കളെ മാത്രമാണ് മത്സരിപ്പിച്ചത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്ക് 40 വയസ്സിനു താഴെയുള്ള സ്ഥാനാർഥികൾ എട്ടു ശതമാനം മാത്രമായിരുന്നു. സ്ഥാനാർഥികളുടെ ശരാശരി പ്രായമാകട്ടെ 55 വയസ്സും. പതിമൂന്നാം ലോക്‌സഭ മുതൽ (1999-2004) മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം എപ്പോഴും ബിജെപിയേക്കാൾ കൂടുതലാണ്. 1999 ൽ ബിജെപി എംപിമാരുടെ ശരാശരി പ്രായം 49.7 ആയിരുന്നപ്പോൾ കോൺഗ്രസ് എംപിമാരുടെ പ്രായം 54.8 വയസ്സായിരുന്നു. 2004 ൽ കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം 56 ആയി ഉയർന്നപ്പോൾ ബിജെപിയുടേത് 51 ആയിരുന്നു. 2009 ൽ കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം 55.3 ആയി കുറഞ്ഞെങ്കിലും ബിജെപിയുടെ പ്രായം 54 ആയി ഉയർന്നു. 2014ൽ ബിജെപിയും കോൺഗ്രസും അവരുടെ ഏറ്റവും ഉയർന്ന ശരാശരി പ്രായത്തിലെത്തി. കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം 64 ആയിരുന്നപ്പോൾ ബിജെപിക്ക് അത് 60 ആയിരുന്നു. 2019ൽ ഇരു പാർട്ടികളുടെയും ശരാശരി പ്രായം കുറഞ്ഞു. കോൺഗ്രസ്–57 വയസ്സ്, ബിജെപി– 55 വയസ്സ്.
Read also:യുവാക്കൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ? ; പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മുന്നണികളുടെ സ്ഥാനാർഥി പട്ടിക...
18 ആക്കുമോ ?
കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങളുടെ മാതൃകയിൽ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള പ്രായപരിധി 25 ൽ നിന്നും 18 ആക്കണമെന്ന് പാർലമെന്ററി സമിതി ഏഴു മാസം മുൻപ് ശുപാർശ ചെയ്തിരുന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. രാജ്യസഭാ അംഗങ്ങളുടെ ശരാശരി പ്രായം 63 ആണ്. വിരമിക്കും മുൻപുള്ള വിശ്രമകേന്ദ്രമാണ് രാജ്യസഭയെന്നാണ് പണ്ടുമുതലേയുള്ള പരിഹാസം.
ശരാശരി പ്രായം 54
ഇന്ത്യയുടെ യുവ മാനവ വിഭവശേഷിയും അതിന്റെ മഹത്തായ സാധ്യതകളും ഒരു രാഷ്ട്രമെന്ന നിലയിൽ ഏറ്റവും വലിയ ശക്തിയായി പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി പ്രായം വെറും 28.4 വയസ്സാണ്. ഇതു ലോകത്തെ ‘ഏറ്റവും ചെറുപ്പമുള്ള’ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നു. കണക്കുകൾ പ്രകാരം ലോക്‌സഭയിൽ 41 വയസ്സിൽ താഴെയുള്ള 64 എംപിമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 41–55 വയസ്സിനിടയിലുള്ള 221 എംപിമാരുണ്ട്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭയുടെ ശരാശരി പ്രായം 46.5 വയസ്സായിരുന്നപ്പോൾ ഇപ്പോഴത് 54 ആണ്. ‘പ്രായമുള്ളവർ ഭരിക്കുന്ന യുവാക്കളുടെ രാജ്യ’മായി ഇന്ത്യയെ മാറ്റുന്ന ഈ സാഹചര്യം വലിയൊരു അപാകതയാണ്. മുപ്പത് തികയും മുൻപ് ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമാകുന്ന മിക്ക എംപിമാരും രാഷ്ട്രീയമായി സജീവമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
Read also:കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് അഭിപ്രായ സർവേ, രാഹുലിന്റെ സാന്നിധ്യം അനുകൂല തരംഗം സൃഷ്ടിക്കും...
വരട്ടെ യുവാക്കൾ
ചെറുപ്പം എന്നത് പുതിയ കാലത്തിലേക്കും പുതിയ ആലോചനകളിലേക്കുമുള്ള വാതിലാണ്. അതു തുറന്നുതന്നെ കിടക്കണം. അപ്പോഴേ കാലത്തിനൊപ്പം സഞ്ചരിക്കുന്ന രാജ്യവും രാഷ്ട്രീയവും പിറക്കുകയുള്ളൂ. പക്ഷേ, പ്രായം അയോഗ്യതയല്ല. അതിന് ഏറെ സാക്ഷ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ തരുന്നുണ്ട്. മറ്റെല്ലാ മേഖലകളിലും എന്ന പോലെ രാഷ്ട്രീയ രംഗത്തും ഒരു തലമുറമാറ്റം അനിവാര്യമാണ്. രാഷ്ട്രീയ ബോധ്യമുള്ള യുവാക്കളെ രാജ്യ നന്മയ്ക്കായി വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ചിന്തിക്കേണ്ട സമയമാണിത്. ശരിയായ സമയത്ത് മാറിനില്‍ക്കണം. നമ്മുടെ ഭരണരംഗത്തേക്ക് രാഷ്ട്രീയ കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയുമുള്ള ചെറുപ്പക്കാര്‍ കടന്നു വരട്ടെ. ഇന്ത്യന്‍ പാര്‍ലമെന്റ് പുതിയ കാഴ്ചപ്പാടുകളുള്ള യുവാക്കള്‍ കടന്നു വരുന്ന ഇടമായി മാറട്ടെ. അതേസമയം, പ്രായമായി എന്ന ഒറ്റക്കാരണത്താല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായരായ നേതാക്കള്‍ കറിവേപ്പില പോലെ പുറത്താകാതെയുമിരിക്കട്ടെ.