ADVERTISEMENT

വാഷിങ്ടൻ∙ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ 90% ഗൂഗിൾ കുത്തകയാക്കി വച്ചിരിക്കുന്നു, സ്മാർട്ഫോണുകളിലെ തിരച്ചിലിന്റെ 95 ശതമാനവും കയ്യടക്കി, സ്മാർട്ഫോണുകളിലും ബ്രൗസറുകളിലും ‘ഡിഫോൾട്ട്’ സേർച് എൻജിൻ ആയി ഗൂഗിൾ തന്നെ വരാൻ 2021ൽ മാത്രം 2630 കോടി ഡോളർ കമ്പനി ചെലവാക്കി തുടങ്ങിയവയാണ് ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്തയുടെ ഉത്തരവിലുള്ളത്. ടെക് വമ്പന്മാരെ പിടിച്ചുകെട്ടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെ വീണുകിട്ടിയ അവസരമായാണ് കോടതി വിധിയെ യുഎസ് ഭരണകൂടം കാണുന്നത്.

∙ ആൻഡ്രോയിഡും ക്രോമും വിൽക്കുമോ?‌

ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടികൾ യാഥാർഥ്യമായാൽ ആൻഡ്രോയിഡ്, ക്രോം ഉൾപ്പെടെയുള്ള ബിസിനസുകൾ ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ടെക് ലോകത്തിൽ ഗൂഗിളിന്റെ ആധിപത്യത്തിന് ഏറ്റവും കരുത്തു പകരുന്ന രണ്ട് ഉൽപന്നങ്ങളാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം വെബ് ബ്രൗസറും. ലോകമെമ്പാടുമുള്ള ഏകദേശം 2.5 ബില്യൻ ഉപകരണങ്ങളിലാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ളത്. ഒട്ടേറെ സ്മാർട്ട് ഫോണുകളിലും ക്രോം ആണ് ഡിഫോൾട്ട് ബ്രൗസർ. ഇവ വിൽക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം.

കൂടാതെ, ടെക്സ്റ്റ് പരസ്യങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ ആഡ്‌വേർഡ്സ് വിൽക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടുന്നതിന്റെ സാധ്യതയും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. 2018ൽ ഗൂഗിൾ ആഡ്സ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട ആഡ്‌വേർഡ്സ്, കമ്പനിയുടെ നിർണായക വരുമാന സ്രോതസ്സാണ്. ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇതിലൂടെയാണ്. 2020ൽ ഇത് നൂറു ബില്യൻ ഡോളറിനു മുകളിലാണ് ഗൂഗിൾ ആഡ്സിൽനിന്നുള്ള വരുമാനം. കോടതി വിചാരണയ്ക്കിടെ ഗൂഗിൾ തന്നെ വെളിപ്പെടുത്തിയതാണ് ഈ കണ‌ക്ക്.

∙ ഡേറ്റ പങ്കുവയ്ക്കുന്നതും പരിഗണനയിൽ

കടുത്ത നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചാൽ, ഡേറ്റ പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാകും യുഎസ് ഭരണകൂടം മുന്നോട്ടുവയ്ക്കുക. ഗൂഗിളിന്റെ മുഖ്യ എതിരാളികളായ മറ്റു സെർച്ച് എൻജിനുകളായ മൈക്രോസോഫ്റ്റിന്റെ ബിങ്, ഡക്‌ഡക്ഗോ പോലുള്ളവയുമായി ഡേറ്റ പങ്കുവയ്ക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം.‘ഡിഫോൾട്ട്’ സേർച് എൻജിൻ ആകുന്നതിന് ഗൂഗിൾ ഏർപ്പെട്ട കരാറുകൾ റദ്ദാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള കമ്പനികളുമായാണ് ഗൂഗുളിന്റെ കരാർ. നിലവിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) മേഖലയിലും ഗൂഗിൾ പിടിമുറുക്കുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നു. ഇതിനായി, ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളിൽ അവരുടെ തന്നെ ഡേറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നത് തടയാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം.

∙ കേസുകൾ ഒട്ടേറെ

വൻകിട ടെക് കമ്പനികളുടെ കുത്തകയ്‌ക്കെതിരെ ഒട്ടേറെ കേസുകളാണ് യുഎസിൽ നടന്നുവരുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ യുഎസ് ഭരണകൂടം നൽകിയ കേസിലാണ് കഴിഞ്ഞ ദിവസം കോട‌തി വിധി പ്രഖ്യാപിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. ഗൂഗിൾ കുത്തക അവസാനിപ്പിക്കാനായി ഇന്റർനെറ്റ് തിരച്ചിൽ വിപണിയിൽ വരുത്തേണ്ട സുപ്രധാന മാറ്റങ്ങൾ ഉൾപ്പെടെ പരിഹാര നടപടികൾ തീരുമാനിക്കാൻ രണ്ടാമതും വിചാരണ നടക്കും. ഗൂഗിളിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾ ഓഹരിവിപണിയിൽ വൻ ഇടിവാണ് നേരിടുന്നത്. ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഗൂഗിളിന്റെ ഓഹരികൾ 1.4% ഇടിഞ്ഞ് 161.95 ഡോളറിലെത്തി.

English Summary:

Will the US government break up Google? What could happen to Android OS, Chrome?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com