ADVERTISEMENT

തിരുവനന്തപുരം ∙ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഹരിയാന സ്വദേശികൾ പാത്രം മോഷ്ടിച്ചതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറായ ഗണേഷ് ഝായും ഭാര്യയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇവർ പാത്രവുമായി ക്ഷേത്രത്തിനു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഹരിയാന പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവിടെയുള്ള ഹോട്ടലിൽനിന്നാണ് മൂന്നുപേരെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ മൂന്നുപേർക്കും ഉദ്ദേശ്യമില്ലായിരുന്നു എന്ന് പൊലീസ് പറയുന്നു. 13നാണ് മൂന്നുപേരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷമാണ് തിരുവനന്തപുരത്ത് വന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽവച്ച് ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി. പൂജ കഴിഞ്ഞ് പാത്രവുമായി മൂന്നുപേരും പുറത്തേക്ക് പോയി. ആരും തടഞ്ഞില്ല. പിന്നീട് ഇവർ സ്വദേശമായ ഹരിയാനയിലേക്കും പോയി.

വെള്ളം തളിക്കുന്ന പാത്രം അമൂല്യമായ പുരാവസ്തുവാണ്. അതീവ സുരക്ഷാമേഖലയിൽനിന്ന് പാത്രം കാണാതായത് വിവാദമായി. പിന്നാലെ ഫോർട്ട് പൊലീസ് കേസെടുത്തു. സിസിടിവി പരിശോധിച്ചപ്പോൾ മൂന്നുപേർ പാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ടു. ഇവരുടെ യാത്രാ രേഖകൾ പരിശോധിച്ച് ഹരിയാന സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഹരിയാന പൊലീസിനെ വിവരമറിയിച്ചു. വൈകാതെ ഹരിയാനയിലെ ഹോട്ടൽ മുറിയിൽനിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

കാണാതായ പാത്രവും മുറിയിൽനിന്ന് കണ്ടെത്തി. തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാത്രം മോഷ്ടിച്ചതല്ലെന്ന് ഇവർ പറഞ്ഞത്. ക്ഷേത്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു. പരിശോധനയിൽ മോഷണശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും മൂന്നുപേരും കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു.

English Summary:

Missing Vessel of Sree Padmanabhaswamy Temple Recovered, Haryana Natives Detained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com