‘ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണം’: ദിവ്യയ്ക്കെതിരെ പ്രമേയവുമായി യുഡിഎഫ്
Mail This Article
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. ദിവ്യയുടെ രാജിക്കുശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നാണ്. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയിരുന്നു.
ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി. ദിവ്യ ഒളിവിലാണ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ദിവ്യ ഒളിവിൽ തുടരാനാണു സാധ്യത. വിധി കാത്തിരിക്കാൻ നിർദേശമുള്ളതിനാലാണ് ഇത്ര ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത്.
ജാമ്യം നിഷേധിക്കപ്പെട്ടാലും അറസ്റ്റ് ചെയ്യാതെ, ദിവ്യയ്ക്കു മജിസ്ട്രേട്ടിനു മുന്നിൽ കീഴടങ്ങാൻ പൊലീസ് അവസരമൊരുക്കാനാണു സാധ്യത. പെട്രോൾ പമ്പിന്റെ എതിർപ്പില്ലാരേഖ (എൻഒസി) എഡിഎം വൈകിച്ചതായി ദിവ്യ യാത്രയയപ്പ് യോഗത്തിൽ വിമർശിച്ചതിനു പിന്നാലെയാണു നവീൻ ആത്മഹത്യ ചെയ്തത്.