ബിജെപിയെ തള്ളി അജിത് പവാർ; ശിവാജി നഗറിൽ ശിവസേനയ്ക്കെതിരെ സ്ഥാനാർഥി, മഹായുതിയിൽ ഭിന്നത
Mail This Article
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിനുള്ളിൽ ഭിന്നത. മാൻഖുർദ് ശിവാജി നഗർ സീറ്റിനെച്ചൊല്ലി സഖ്യകക്ഷികളായ ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും തമ്മിൽ ഇടഞ്ഞു. ഇതോടെ ഒരേ മണ്ഡലത്തിൽ രണ്ടു കക്ഷികളും സ്ഥാനാർഥികളെ നിർത്തി. ബിജെപിയുടെ പിന്തുണ ശിവസേനയ്ക്കാണ്.
മാൻഖുർദ് ശിവാജി നഗറിൽ നവാബ് മാലിക്കിനെ എൻസിപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബുള്ളറ്റ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവസേനയുടെ സുരേഷ് കൃഷ്ണ പാട്ടീലിനെ മഹായുതിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
‘‘മൻഖുർദ് ശിവാജി നഗറിൽ നിന്നുള്ള മഹായുതി (ശിവസേന) ഔദ്യോഗിക സ്ഥാനാർഥി ബുള്ളറ്റ് പാട്ടീലാണ്. വോട്ട് ജിഹാദ്, തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ഞങ്ങൾ പോരാടും’’ – ബിജെപിയുടെ കൃതി സോമയ്യ എക്‌സിൽ കുറിച്ചു.
പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ച് അജിത് പവാർ വിഭാഗം സ്ഥാനാർഥി നവാബ് മാലിക്ക് രംഗത്തെത്തി.‘‘ഞാൻ ഒരു സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പാർട്ടി ഒപ്പം നിന്നും. ഞാൻ എൻസിപിയുടെ ഔദ്യോഗിക സ്ഥാനാർഥിയാണ്.
ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേൽ എന്നിവരോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. അവർക്ക് എന്നിൽ വിശ്വാസമുണ്ട്. വലിയൊരു വിഭാഗം വോട്ടർമാർ എന്നെ പിന്തുണയ്ക്കും. ഇത്തവണ ഞങ്ങൾ മൻഖുർദ് ശിവാജി നഗർ മണ്ഡലത്തിൽ വിജയിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്’’ – നവാബ് മാലിക്ക് പറഞ്ഞു.
അനുശക്തി നഗറിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുള്ള നവാബ് മാലിക്കിനെ ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി എൻസിപി ആദ്യം സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെ മൻഖുർദ് ശിവാജി നഗറിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് നവാബ് പ്രഖ്യാപിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മിയാണ് നിലവിൽ മണ്ഡലത്തിലെ എംഎൽഎ.