ശരണവഴികളിലെല്ലാം അയ്യപ്പ ഭക്തരുടെ തിരക്ക്; പേട്ടതുള്ളൽ സംഘങ്ങളുടെ യാത്ര തുടരുന്നു
Mail This Article
ശബരിമല ∙ മകരജ്യോതി ദർശനത്തിന് 6 ദിവസം ബാക്കിനിൽക്കെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും തീർഥാടകർ നിറഞ്ഞു. എല്ലാ വഴികളും തിങ്ങിനിറഞ്ഞാണു തീർഥാടകർ നീങ്ങുന്നത്. 90,000 തീർഥാടകർ ഒരു ദിവസം ദർശനം നടത്തുന്നുണ്ട്. ഇന്നലെ 23,438 പേർ സ്പോട് ബുക്കിങ് വഴിയാണ് ദർശനത്തിന് എത്തിയത്. താഴെ തിരുമുറ്റം, മാളികപ്പുറം, വലിയ നടപ്പന്തൽ തുടങ്ങി എല്ലായിടവും തിരക്കാണ്. ഭക്തർക്കു മകരജ്യോതി ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
ശനിയാഴ്ച നടക്കുന്ന എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം രണ്ടാം ദിവസത്തെ യാത്ര ഇന്നു രാവിലെ 7ന് തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു. എടത്വ, നെടുമ്പ്രം, പൊടിയാടി, തിരുവല്ല, കുന്നന്താനം വഴി കവിയൂർ ക്ഷേത്രത്തിൽ എത്തി തങ്ങും. പേട്ട തുള്ളലിൽ പങ്കെടുക്കാനുള്ള ആലങ്ങാട് സംഘത്തിന്റെ 6-ാം ദിവസത്തെ രഥയാത്ര കൂത്താട്ടുകളം മഹാദേവ ക്ഷേത്രത്തിൽനിന്ന് രാവിലെ ആരംഭിച്ചു. താമരക്കാട്, അമനകര, കുറിച്ചിത്താനം വഴി വൈകിട്ട് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി തങ്ങും.