ഇന്ന് ‘വിധി ദിനം’: ഗ്രീഷ്മയ്ക്കും സഞ്ജയ്ക്കുമുള്ള ശിക്ഷയെന്ത്? ട്രംപിനെ കാത്ത് യുഎസും ലോകവും

Mail This Article
കേരളവും ഇന്ത്യയും കാത്തിരിക്കുന്ന 2 വിധികൾ ഇന്ന്. കഷായത്തിൽ കീടനാശിനി കലർത്തി നൽകി തിരുവനന്തപുരം പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയെന്നാണു കേസ്.
കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്‌ക്കുള്ള ശിക്ഷാവിധിയും ഇന്നാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒൻപതിനായിരുന്നു കൊലപാതകം. സംഭവത്തെ തുടർന്നു രാജ്യമാകെ പ്രതിഷേധം അലയടിച്ചു. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊൽക്കത്ത പൊലീസ് പിറ്റേന്ന് അറസ്റ്റ് ചെയ്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാൾ മാത്രമാണെന്നാണു സിബിഐ കണ്ടെത്തിയത്.
യുഎസിൽ വീണ്ടും പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറുമ്പോൾ കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായകമാകുന്ന തീരുമാനങ്ങൾക്കാണു ലോകം സാക്ഷിയാവുക. അങ്ങനെ നോക്കിയാൽ, ഒരുപാട് രാജ്യങ്ങളുടെയും ജനങ്ങളുടെയും ഭാവി നിർണയിക്കുന്ന മറ്റൊരു ‘വിധി ദിനം’ കൂടിയാണിന്ന്. 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിന് അന്ത്യം കുറിച്ച്, ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നു. എങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭയപ്പാട് ചുറ്റിലുമുണ്ട്.