‘പ്രശ്നത്തിന് കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന് ജോത്സ്യൻ, സജിതയെ കൊന്നു; അരിഞ്ഞു വീഴ്ത്തേണ്ടവർ ഉണ്ടെന്ന് പറയും’

Mail This Article
നെന്മാറ∙ വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു പരമേശ്വരൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും പരമേശ്വരൻ പറഞ്ഞു.
‘‘ ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കയ്യിൽ കിട്ടിയാൽ പോലും അവൻ അത് പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യർ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളിൽ പോകണമെന്നോ പറഞ്ഞാൽ ഭാര്യയുടെയും മറ്റും സ്വർണം വിറ്റിട്ട് വരെ അവൻ അത് ചെയ്യാറുണ്ട്. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
ചെന്താമരയുടെ കയ്യിൽ ഒരു കൊടുവാളുണ്ട്. അതു കണ്ട് പൊലീസിനെ പല തവണ വിളിച്ച് പറഞ്ഞിട്ടും അവരെത്തിയിരുന്നില്ല. ഏഴു പരാതി അവനെതിരെ പൊലീസിൽ നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ഒന്നും ചെയ്തിട്ടില്ല.’’– ചെന്താമരയുടെ ബന്ധു പരമേശ്വരൻ പറഞ്ഞു.
ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി ബിന്ദു പറഞ്ഞു. അവന്റെ കയ്യിലുള്ള കൊടുവാൾ കണ്ടിട്ടാണ് ഭാര്യ രക്ഷപ്പെട്ടത്. അല്ലാതെ സജിതയ്ക്ക് അതിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല. അവൾ പാവമാണ്. ഇവിടെ അരിഞ്ഞ് വീഴ്‌ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് അവൻ എപ്പോഴും പറയാറുണ്ടെന്നും അവനെ എല്ലാവർക്കും പേടിയാണെന്നും അമ്മായി പറഞ്ഞു. ചെന്താമരയെ എങ്ങനെയെങ്കിലും പിടിക്കണമെന്നും പേടിയോടെയാണ് ഇപ്പോൾ ഈ നാട്ടിൽ താമസിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ അവൻ വിഷം കഴിച്ച് മരിക്കുമെന്ന് തോന്നുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.