മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യ; മാനസിക പീഡനമെന്ന് കുടുംബം, പ്രിൻസിപ്പലിനും അധ്യാപികയ്ക്കും സസ്പെൻഷൻ

Mail This Article
ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിനി കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലത്തിൽ അനാമിക (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ ബെംഗളൂരു കനക്പുര നഴ്സിങ് കോളജ് പ്രിൻസിപ്പലിനും അസോഷ്യേറ്റ് പ്രഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനം സ്വീറ്റ് റോസ്, അസോഷ്യേറ്റ് പ്രഫസർ ഡോ.എം.സുജാത എന്നിവരെയാണ് ദയാനന്ദ സാഗർ സർവകലാശാല റജിസ്ട്രാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവിലെ ഹരോഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനാമിക (19) കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നെന്ന് സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. കോളജ് അധികൃതരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നതായും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. അനാമികയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ബെംഗളൂരു ഹാരോഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അനാമികയുടെ മൃതദേഹം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.