ബെംഗളൂരുവിലേക്ക് ഓടിത്തുരുമ്പിച്ച ബസുകളുമായി കെഎസ്ആർടിസി; ദീർഘദൂര യാത്രയ്ക്ക് പറ്റില്ല, യാത്രക്കാർ കൈവിടുന്നു

Mail This Article
കോഴിക്കോട്∙ കർണാടക ആർടിസിയും സ്വകാര്യ ബസുകളും പുത്തൻ എസി ബസുകളിറക്കി മലബാറിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുമ്പോൾ ഓടിത്തുരുമ്പിച്ച ബസുകളുമായി കെഎസ്ആർടിസി. ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നതു കണക്കിലെടുത്താണു സ്വകാര്യ ബസുകളും കർണാടകയും പുത്തൻ ബസുകൾ നിരത്തിലിറക്കുന്നത്. രാത്രി സർവീസ് നടത്തുന്ന എസി ബസുകളിലാണു യാത്രക്കാർ കൂടുതൽ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവർ വൈകിട്ടു കയറി പിറ്റേന്ന് രാവിലെ എത്തി ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകാൻ സാധിക്കുന്ന തരത്തിലാണു യാത്ര ക്രമീകരിക്കുന്നത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും യാത്രാ സൗകര്യമാണ് ആളുകൾ നോക്കുന്നത്.
കെഎസ്ആർടിസിയുടെ എസി മൾട്ടി ആക്സിൽ, സ്വിഫ്റ്റ് എസി ബസുകൾക്കു യാത്രക്കാർ ഉണ്ടെങ്കിലും ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ യാത്രക്കാർ കുറവാണ്. കെഎസ്ആർടിസിയിൽ ദീർഘദൂര സർവീസ് നടത്തുന്ന ഡീലക്സ് ബസുകളിൽ ഏറെയും കാലാവധി കഴിഞ്ഞതാണ്. ഒൻപത് മുതൽ 12 വർഷം വരെ പഴക്കമുള്ളവയാണു ബെംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നത്. പുതിയ ബസുകൾ അനുവദിച്ചത് കെ - സ്വിഫ്റ്റിനും സിറ്റി സർവീസിനും മാത്രമാണ്. ദീർഘദൂര സർവീസുകൾക്ക് പുതിയ ബസുകൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മിന്നൽ ഉൾപ്പെടെയുള്ള ചില ഡീലക്സ് ബസുകൾ ഈയിടെ പുതുക്കിപ്പണിതാണു സർവീസ് നടത്തുന്നത്. കാലപ്പഴക്കം മൂലം ദീർഘ ദൂര ഓട്ടത്തിനു സാധിക്കാത്ത അവസ്ഥയിലാണ് ഈ ബസുകളെല്ലാം. അതിനാൽ തന്നെ കൃത്യ സമയത്തു ഓടിയെത്താനും സാധിക്കുന്നില്ല. അംബാരി, രാജഹംസ, ഐരാവത് പോലുള്ള പുത്തൻ ബസുകൾ കർണാടക കോഴിക്കോട്ടേക്കും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കും സർവീസ് നടത്തുമ്പോഴാണു പുഷ് ബാക്ക് സീറ്റ് പോലും ശരിക്ക് പ്രവർത്തിക്കാത്ത ബസുമായി കെഎസ്ആർടിസി സർവീസ് നടത്തുന്നത്. അവധി ദിവസങ്ങൾ, ആഴ്ചയുടെ അവസാന ദിവസങ്ങൾ എന്നിവയൊഴികെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകൾ കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിനേക്കാൾ കുറവാണ് ഈടാക്കുന്നത്. സ്വകാര്യ ബസുകളും കർണാടകയുടെ ബസുകളും മത്സരിച്ച് ഓടുമ്പോൾ കെഎസ്ആർടിസി ബസുകൾ ഒപ്പമെത്താനാകാതെ കിതയ്ക്കുകയാണ്.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ എസി മൾട്ടി ആക്സിൽ ബസിൽ 951 രൂപയാണു ടിക്കറ്റ്, സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസിന് 452 രൂപയും ഗരുഡയ്ക്ക് 880 രൂപയുമാണ് ടിക്കറ്റ്. കർണാടകയുടെ അംബാരി ഉത്സവിൽ 1403, ഐരാവത് ക്ലബ് ക്ലാസിൽ 1235, രാജഹംസയിൽ 675 എന്നിങ്ങനെയാണു ടിക്കറ്റ്. അതേസമയം, സ്വകാര്യ ബസുകളിൽ എസി സ്ലീപ്പറിന് 850 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. എന്നാൽ സ്വകാര്യ ബസുകൾ തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കു വർധിപ്പിക്കും.
കഴിഞ്ഞമാസം കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 15% വർധിപ്പിച്ചതോടെ, സംസ്ഥാനാന്തര റൂട്ടിൽ കേരള ആർടിസിയും നിരക്ക് ഉയർത്തിയിരുന്നു. അതോടെയാണ് പ്രവൃത്തിദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ കേരള ആർടിസിയും സ്വകാര്യ ബസുകളും തമ്മിലുള്ള അന്തരം വർധിച്ചത്. ഇതോടെ കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന യാത്രക്കാരും പോയ അവസ്ഥയായി. ഗരുഡ പ്രീമിയം സർവീസിനായി (നവകേരള ബസ്) പെർമിറ്റ് കൈമാറിയ കോഴിക്കോട്ടേക്കുള്ള കേരള ആർടിസി സ്വിഫ്റ്റ് എസി ബസിന്റെ സർവീസ് വാരാന്ത്യങ്ങളിൽ മാത്രമാക്കി. യാത്രക്കാർ കുറഞ്ഞതിനാലാണു പ്രതിദിന സർവീസ് നിർത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ബന്ദിപ്പുർ വഴി രാത്രിയാത്രയ്ക്ക് അനുമതിയുണ്ടായിരുന്ന ബസിന്റെ പെർമിറ്റ് ഗരുഡ പ്രീമിയത്തിനു കൈമാറിയതോടെ ബസിന്റെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ രാവിലെ 9.01ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 6.50നു കോഴിക്കോട്ടെത്തുന്ന ബസ് തിരിച്ച് രാത്രി 8.45ന് പുറപ്പെട്ട് രാവിലെ 6.05ന് ബെംഗളൂരുവിലെത്തുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്.
സ്വിഫ്റ്റ്, ഡീലക്സ് ബസുകളാണ് കെഎസ്ആർടിസി ബെംഗളൂരുവിലേക്ക് ഓടിക്കുന്നവയിൽ ഏറെയും. സ്വിഫ്റ്റ് ബസിന്റെ സീറ്റ് ദീർഘദൂര യാത്രയ്ക്ക് പറ്റിയതല്ല എന്നു നേരത്തെ തന്നെ പരാതി ഉയർന്നതാണ്. ഡീലക്സ് ബസുകൾ പൊളിക്കേണ്ട സമയം കഴിഞ്ഞതുമാണ്. സ്വകാര്യ ബസുകളിൽ കുറഞ്ഞ നിരക്കിൽ സുഖയാത്ര ചെയ്യാമെന്നിരിക്കെ യാത്രക്കാർ കെഎസ്ആർടിസിയെ കൈവിടുന്നത് സ്വാഭാവികമാണ്. കർണാക ബസുകൾക്ക് ടിക്കറ്റ് നിരക്കുകൂടുതലാണെങ്കിലും ഒന്നാംതരം ബസുകളായതിനാൽ യാത്രക്കാർക്കു പണം മുടക്കാനും മടിയില്ല. ഇതിനിടയിലൂടെയാണ് ഉയർന്ന നിരക്കിൽ കെഎസ്ആർടിസി പഴഞ്ചൻ ബസുകൾ ഓടിക്കുന്നത്.