ശബരിമല മേല്‍നോട്ടത്തിന് അതോറിറ്റി; മുഖ്യമന്ത്രി ചെയര്മാന്, ദേവസ്വം മന്ത്രി വൈസ് ചെയര്മാന്

Mail This Article
തിരുവനന്തപുരം∙ ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ പുതിയ സംവിധാനം രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുക. കെ.യു.ജനീഷ് കുമാര്‍ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കായി സ്വകാര്യ കമ്പനിയുമായി റവന്യൂ ഷെയര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാര്‍ഥ്യമാകുന്നതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം പൂര്‍ണമായും റോപ് വേ ഉപയോഗപ്പെടുത്തിയാകും നടത്തുക. ശബരിമല മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് 2050 വരെയുള്ള വികസന പദ്ധതികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയാറാക്കിയ ശബരിമല മാസ്റ്റര്‍പ്ലാനില്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. 2011-12 മുതല്‍ 148.5 കോടി രൂപയോളം സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മകരവിളക്ക് കാണാനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി രണ്ട് ഓപ്പണ്‍ പ്ലാസകള്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരിഫറല്‍ റിങ് റോഡ് നിര്‍ദേശിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഭാഗം വാഹന നിരോധന മേഖലയായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തെക്ക് നിന്നും വടക്ക് നിന്നുമായി രണ്ട് പ്രധാന എന്‍ട്രി പോയിന്‍റുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തീര്‍ഥാടകർ അകത്തേക്കും പുറത്തേക്കും കടക്കുന്ന റൂട്ടുകളിലെ ആശയക്കുഴപ്പം, സംഘര്‍ഷം എന്നിവ കുറയ്ക്കുന്നതിനായി വിവിധ എക്സിറ്റ് റൂട്ടുകളും പദ്ധതിയിൽ ഉണ്ട്.
ശബരിമല സന്നിധാനത്തിന്‍റെ വികസനത്തിനായി 2022-27 വരെയുള്ള ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-39 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
ശബരിമല തീര്‍ഥാടനത്തിനുള്ള ട്രാന്‍സിറ്റ് ക്യാംപായാണ് പമ്പയെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്ത് നിന്ന് തിരിച്ച് ഇറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് ഉറപ്പാക്കി തിരക്ക് ഒഴിവാക്കും. പമ്പ മേഖലയെ ലേ ഔട്ട് പ്ലാനില്‍ ഒൻപത് സോണുകളായി തിരിക്കുകയും കേരളത്തിന്‍റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ നിര്‍മാണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിട്ടുണ്ട്. പമ്പ മണല്‍പുറം, ഹില്‍ടോപ്പ്, ത്രിവേണി പാലം എന്നിവിടങ്ങളില്‍ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന്‍റെ പൂര്‍ണമായ കാഴ്ചകള്‍ ലഭിക്കത്തക്കവിധത്തില്‍ കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്നതിനും ലേ ഔട്ട് പ്ലാനില്‍ നിര്‍ദേശമുണ്ട്.
കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കുള്ള വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയാണ് ട്രെക്ക് റൂട്ടിന്‍റെ ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രെക്ക് റൂട്ടിന് ഇരുവശത്തും ബഫര്‍ സോണ്‍ സ്ഥാപിച്ചിട്ടുണ്ട്. ചെറുതോ താൽകാലികമോ ആയ നിര്‍മിതികള്‍ക്ക് പരിമിതമായ അനുമതി ബഫര്‍ സോണില്‍ അനുവദിക്കും. കൂടാതെ തീര്‍ഥാടകര്‍ക്കുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനായി ബഫര്‍ സോണിനുള്ളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-27 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും ട്രെക്ക് റൂട്ടിന്‍റെ വികസനത്തിനായി 2022-25 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-26 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-30 കാലയളവില്‍ 31,496 ലക്ഷം രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
∙ ശബരിമല മാസ്റ്റര്‍പ്ലാനില്‍ 2025-30 കാലയളവില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
1. പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിര്‍മിക്കുന്ന സുരക്ഷാപാലം. ( അടങ്കല്‍ തുക 31.90 കോടി രൂപ)
2. നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. (28.40 കോടി രൂപയുടെ ഭരണാനുമതി)
3. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. (9.94 കോടി രൂപയുടെ ഭരണാനുമതി)
4. നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മാണം. (അടങ്കല്‍ തുക 145 കോടി രൂപ)
5. ശബരിമല സന്നിധാനത്തെ തീർഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മാണം. (അടങ്കല്‍ തുക 96 കോടി രൂപ)
6. ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ( അടങ്കല്‍ തുക 3.72 കോടി രൂപ)
കൂടാതെ ശബരിമല സന്നിധാനത്തെ തീർഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുവെന്നും മന്ത്രി പറഞ്ഞു.