ക്ഷേമ പദ്ധതികൾ കാരണം ഇന്ത്യയിലെ തൊഴിലാളികൾക്ക് ജോലിയെടുക്കാൻ താൽപര്യമില്ല: എസ്.എൻ.സുബ്രഹ്മണ്യൻ

Mail This Article
ന്യൂഡൽഹി∙ ക്ഷേമ പദ്ധതികളും മികച്ച താമസ സൗകര്യങ്ങൾക്കുള്ള മുൻഗണനയും കാരണം ഇന്ത്യയിലെ തൊഴിലാളികൾ ജോലി ചെയ്യാനോ ജോലിക്കായി സ്ഥലം മാറാനോ തയാറാകുന്നില്ലെന്ന് എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ.സുബ്രഹ്മണ്യൻ. രാജ്യത്തെ നിർമാണ മേഖലയിലേക്കു തൊഴിലാളികളുടെ കടന്നുവരവ് കുറയുന്നതിലും സുബ്രഹ്മണ്യൻ ആശങ്ക പ്രകടിപ്പിച്ചു.
ചെന്നൈയിൽ നടന്ന സിഐഐയുടെ മിസ്റ്റിക് സൗത്ത് ഗ്ലോബൽ ലിങ്കേജസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് എൽ ആൻഡ് ടി മേധാവി ഇങ്ങനെ പ്രതികരിച്ചത്. ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ച വ്യക്തി കൂടിയാണ് സുബ്രഹ്മണ്യൻ. കമ്പനികളിലെ ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന സുബ്രഹ്മണ്യന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു.
ഒരു സ്ഥാപനം എന്ന നിലയിൽ എൽ ആൻഡ് ടി ഏകദേശം 2.5 ലക്ഷം സ്റ്റാഫുകളെയും 4 ലക്ഷം തൊഴിലാളികളെയും നിയമിക്കുന്നു. നിലവിൽ സ്റ്റാഫുകളുടെ കൊഴിഞ്ഞുപോക്ക് തന്നെ അലട്ടുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ലഭ്യതയെക്കുറിച്ച് കൂടുതൽ ആശങ്കാകുലനാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ‘പുതിയ അവസരങ്ങൾക്കായി തൊഴിലാളികൾ താമസം മാറാൻ തയാറല്ല, ഒരുപക്ഷേ ഇത് അവരുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നതിലാകാം, അവർക്ക് ലഭ്യമായ വിവിധ സർക്കാർ പദ്ധതികളും ഡിബിടികളും (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ) മൂലമാകാം, ഇതിനാൽ അവർ താമസം മാറാൻ തയാറല്ല,’- എസ്.എൻ.സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിനും നിയമിക്കുന്നതിനും വിന്യസിക്കുന്നതിനുമായി എൽ ആൻഡ് ടിക്ക് മികച്ചൊരു റിക്രൂട്ടിങ് ടീം ഉണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ ഇതൊക്കെയാണെങ്കിലും നിർമാണ മേഖലയിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ വർധിച്ചുവരുന്ന വെല്ലുവിളികൾ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എൻജിനീയറിങ്, നിർമാണം, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ തുടങ്ങി മേഖലകളിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ കമ്പനിയാണ് എൽആൻഡ്ടി. വിമാനത്താവളങ്ങൾ, റോഡുകൾ, പാലങ്ങൾ, പവർ പ്ലാന്റുകൾ തുടങ്ങി മേഖലകളിൽ വലിയ തോതിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനു പേരുകേട്ട രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ, നിർമാണ കമ്പനികളിൽ ഒന്നാണ് എൽ ആൻഡ് ടി.