വയനാട്ടിൽ യുഡിഎഫ് ഹർത്താലിൽ സംഘർഷം; വാഹനങ്ങൾ തടഞ്ഞു, പൊലീസുമായി ഉന്തും തള്ളും

Mail This Article
കൽപറ്റ∙ വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യുഡിഎഫ് വയനാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഏറെക്കുറെ പൂർണം. കൽപറ്റയിൽ മാത്രമാണ് കെഎസ്ആർടിസി ബസുകൾ നാമമാത്രമായി സർവീസ് നടത്തുന്നത്. കടകൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. ഓഫിസുകളും സ്കൂളുകളും തുറന്നില്ല.
കെഎസ്ആർടിസി രാവിലെ സർവീസ് നടത്തിയെങ്കിലും യുഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെ നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ ആറു മണിയോടെ ലക്കിടിയിൽ വാഹനങ്ങൾ തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. കൽപറ്റയിലും രാവിലെ മുതൽ വാഹനങ്ങൾ തടഞ്ഞു. ഇപ്പോഴും വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും അൽപനേരത്തിന് ശേഷം വിട്ടയയ്ക്കുന്നുണ്ട്. കെഎസ്ആർടിസി ബസുകൾ ഏറെയും കോഴിക്കോട്ടേക്കാണ് സർവീസ് നടത്തുന്നത്. മറ്റു സ്ഥലങ്ങളിലേക്ക് നാമമാത്രമായ സർവീസാണുള്ളത്.
ബത്തേരി, മാനന്തവാടി, പുൽപള്ളി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി സർവീസ് ആരംഭിച്ചെങ്കിലും പല സ്ഥലങ്ങളിലും തടഞ്ഞതോടെ നിർത്തിവച്ചു. ജില്ലയിലെ എല്ലായിടത്തും കടകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഹർത്താലിനോട് സഹകരിക്കില്ലെന്ന് ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും കടകൾ ഒന്നും തുറന്നില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നറിയിച്ച് വ്യാപാരികൾ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകിയിരുന്നു.
വയനാട്ടിൽ രണ്ട് ദിവസത്തിനിടെ രണ്ട് പേരെ കാട്ടാനകൾ കൊന്നതോടെയാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ബത്തേരി കാപ്പാട് െവള്ളരി ഊരിലെ മാനവിനെ കാട്ടാന കുത്തിക്കൊന്നു. ചൊവ്വാഴ്ച രാത്രി മേപ്പാടി അട്ടമല എറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണനെയും കാട്ടാന കൊന്നു. ഇതോടെയാണ് വനംവകുപ്പിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി യുഡിഎഫ് രംഗത്തെത്തിയത്. ദിവസേന എന്നോണം ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു.